ആരാധകര്‍ക്ക് പുതുവത്സര സമ്മാനമായി ദൃശ്യം 2 ന്റെ ടീസറും റിലീസും പ്രഖ്യാപിച്ച്‌ മോഹന്‍ലാല്‍. ആമസോണ്‍ പ്രൈമിലൂടെ ഒടിടി റിലീസായാണ് ചിത്രം പുറത്തിറങ്ങുന്നത്. മോഹന്‍ലാല്‍ തന്നെയാണ് തന്റെ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്. ആമസോണ്‍ പ്രൈം വീഡിയോയുടെ യൂട്യൂബിലാണ് ടീസര്‍ അപ് ലോഡ് ചെയ്തിരിക്കുന്നത്. 2021 ല്‍ ആമസോണ്‍ പ്രൈം വീഡിയോയുടെ ലോക പ്രീമിയറിലൂടെ ലോകത്തെ 240 രാജ്യങ്ങളിലെ ഉപഭോക്താക്കളിലേക്ക് ദൃശ്യം 2 നേരിട്ടെത്തും.

2013ല്‍ പുറത്തിറങ്ങിയ ബോക്സ് ഓഫീസ് ഹിറ്റ് ചിത്രം ദൃശ്യത്തിന്റെ രണ്ടാം ഭാഗമായി പുറത്തിറങ്ങുന്ന ദൃശ്യം 2 കൊറോണ കാലത്താണ് പ്രഖ്യാപിച്ചത്. ലോക്ക് ഡൌണിന് ഇളവുകള്‍ വന്നതോടെ ചിത്രത്തിന്റെ ചിത്രീകരണവും ആരംഭിച്ചിരുന്നു. കൊച്ചിയിലും തൊടുപുഴയിലുമായിട്ടായിരുന്നു ചിത്രീകരണം. ആദ്യഭാഗത്തിലെ മിക്ക അഭിനേതാക്കളും എത്തുന്ന രണ്ടാംഭാഗത്തില്‍ ആദ്യഭാഗത്തില്‍ ഇല്ലാതിരുന്ന ചില താരങ്ങളും എത്തുന്നുണ്ട്.

ആശിര്‍വാദ്‌ സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂരാണ്‌ ദൃശ്യം 2 നിര്‍മ്മിച്ചിരിക്കുന്നത്‌. സംവിധായകന്‍ ജീത്തു ജോസഫ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും തയ്യാറാക്കിയിരിക്കുന്നത്.