തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് മുതല്‍ ഭാഗികമായി തുറക്കുന്നു. കോവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍ അതീവ ജാഗ്രതയോടെയാണ് സ്‌കൂളുകളില്‍ അധ്യയനം നടക്കുക.

3118 ഹൈസ്‌കൂളുകളിലും 2077 ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലുമായി 10, 12 ക്ലാസുകളില്‍ പഠിക്കുന്ന ഏഴ് ലക്ഷത്തിലേറെ വിദ്യാര്‍ഥികള്‍ക്കായാണ് ക്ലാസുകള്‍. ഹജര്‍ നിര്‍ബന്ധമല്ല. സ്‌കൂളിലെത്തുന്ന കുട്ടികള്‍ക്ക് മാതാപിതാക്കളുടെ സമ്മതപത്രം നിര്‍ബന്ധമാണ്.

പ്രാക്‌ടിക്കലുകള്‍ക്കും സംശയ ദൂരീകരണത്തിനുമാണ് പ്രാധാന്യം. കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും ക്ലാസുകള്‍ നടക്കുക. എല്ലാ അധ്യാപകരും സ്‌കൂളില്‍ എത്തണം. ഒരേസമയം, അമ്ബത് ശതമാനം ഹാജര്‍ മാത്രമേ ക്ലാസുകളില്‍ അനുവദിക്കൂ. ഒരേ ദിവസം തന്നെ ഷിഫ്റ്റായോ ഒന്നിടവിട്ട ദിവസങ്ങളിലോ ക്ലാസുകള്‍ നടത്താം.

ഒരു ബഞ്ചില്‍ ഒരു കുട്ടിയെ മാത്രമേ ഇരുത്താവൂ. ഒഴിഞ്ഞുകിടക്കുന്ന ക്ലാസ് മുറികള്‍ കൂടി ഉപയോഗിച്ച്‌ അധ്യയനം നടത്താം. ഒരാഴ്‌ചയ്‌ക്ക് ശേഷം സ്ഥിതിഗതികള്‍ വിലയിരുത്തി ഇക്കാര്യത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാം.

കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിനായി എല്ലാ സ്‌കൂളുകളിലും പ്രധാന അധ്യാപകന്റെ നേതൃത്വത്തില്‍ കോവിഡ് സെല്ലുകള്‍ രൂപീകരിച്ചിട്ടുണ്ട്. വാര്‍ഡ് മെമ്ബര്‍/കൗണ്‍സിലര്‍, പി.ടി.എയിലെ ഒരംഗം, പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍/നഴ്സ് തുടങ്ങിയവരാണ് കോവിഡ് സെല്ലിലെ മറ്റ് അംഗങ്ങള്‍.

കോവിഡ് രോഗ ലക്ഷണങ്ങള്‍ ഉള്ളവരും രോഗികളുമായി സമ്ബര്‍ക്കം ഉണ്ടായവരുമായ കുട്ടികള്‍ സ്‌കൂളുകളില്‍ യാതൊരു കാരണവശാലും എത്തരുത്. ഉച്ചഭക്ഷണം സ്‌കൂളില്‍ കൊണ്ട് വന്നു കഴിക്കാന്‍ അനുവദിക്കില്ല. കുടിവെള്ളം സ്വന്തമായി കൊണ്ട് വരണം. കുടിവെള്ളം കുട്ടികള്‍ തമ്മില്‍ പങ്കിടാനും പാടില്ല. കുട്ടികളെ സ്‌കൂളുകളില്‍ എത്തിക്കുമ്പോഴും തിരികെ കൂട്ടിക്കൊണ്ടു പോകുമ്പോഴും രക്ഷിതാക്കള്‍ സ്‌കൂള്‍ പരിസരങ്ങളില്‍ കൂട്ടം കൂടി നില്‍ക്കരുത്.

എല്ലാ സ്‌കൂളുകളിലും സാനിറ്റൈസര്‍, തെര്‍മല്‍ സ്‌കാനര്‍ ഉള്‍പ്പടെയുള്ള കോവിഡ് സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കും. കുട്ടികള്‍ക്കും അധ്യാപകര്‍ക്കും മാസ്‌ക് നിര്‍ബന്ധമാണ്. ഒരുകാരണവശാലും മാസ്‌ക് താഴ്ത്തിവയ്ക്കാനോ ഉപയോഗിക്കാതിരിക്കാനോ അനുവദിക്കില്ല. സ്‌കൂളില്‍ എത്തുന്ന കുട്ടികള്‍ രക്ഷിതാക്കളുടെ സമ്മതപത്രം ഹാജരാക്കണം. ഇത് നേരത്തെ തന്നെ കുട്ടികള്‍ക്ക് അയച്ചുകൊടുത്തിട്ടുണ്ട്.

വിദ്യാര്‍ഥികളും രക്ഷിതാക്കളും പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

എല്ലാ കുട്ടികളും അധ്യാപകരും മറ്റ് ജീവനക്കാരും മാസ്‌ക് ധരിച്ച്‌ മാത്രം വീട്ടില്‍ നിന്നിറങ്ങുക. വായും മൂക്കും മൂടത്തക്കവിധം മുഖത്തിനനുസരിച്ച്‌ വലിപ്പമുള്ള മാസ്‌കുകള്‍ ഉപയോഗിക്കുക.

യാത്രകളിലും സ്‌കൂളിലും മാസ്‌ക് താഴ്ത്തി സംസാരിക്കരുത്. ആരെങ്കിലും മാസ്‌ക് താഴ്ത്തുന്നെങ്കില്‍ മാസ്‌ക് വച്ച്‌ സംസാരിക്കാന്‍ അഭ്യര്‍ത്ഥിക്കുക. ഭക്ഷണം കഴിക്കുന്ന സമയത്ത് മാത്രം മാസ്‌ക് മാറ്റുക.

എല്ലാവരും ശാരീരിക അകലം പാലിക്കേണ്ടതാണ്.

കൈകള്‍ കൊണ്ട് മുക്ക്, വായ, കണ്ണ് എന്നിവിടങ്ങളില്‍ സ്പര്‍ശിക്കരുത്. ക്ലാസ് മുറിക്ക് പുറത്തോ സ്‌കൂള്‍ പരിസരത്തോ കൂട്ടംകൂടി നില്‍ക്കരുത്.

കുടിവെള്ളം സ്വന്തം കുപ്പിയില്‍ കൊണ്ടുവരിക, സുഹൃത്തുക്കളുമായി കെെമാറുത്.

അടച്ചിട്ട സ്ഥലങ്ങള്‍ പെട്ടെന്ന് രോഗവ്യാപനത്തിന് കാരണമാകുമെന്നതിനാല്‍ ജനാലകളും വാതിലുകളും തുറന്നിടേണ്ടതാണ്.

യാതൊരു കാരണവശാലും പേന, പെന്‍സില്‍, പുസ്തകങ്ങള്‍, മറ്റു വസ്തുക്കള്‍ എന്നിവ പരസ്പരം കൈമാറാന്‍ പാടില്ല.

ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ചോ സാനിറ്റൈസര്‍ ഉപയോഗിച്ചോ കൈകള്‍ വൃത്തിയാക്കണം.

പനി, ചുമ, ശ്വാസതടസം, ജലദോഷം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളതോ സമ്ബര്‍ക്കത്തിലുള്ളതോ ആയ കുട്ടികള്‍, അധ്യാപകര്‍, ജീവനക്കാര്‍ എന്നിവര്‍ ഒരു കാരണവശാലും ക്ലാസുകളില്‍ വരാന്‍ പാടില്ല. ഇത് പ്രധാന അധ്യാപകരും മറ്റധ്യാപകരും ശ്രദ്ധിക്കേണ്ടതാണ്. ഇക്കാര്യത്തില്‍ രക്ഷകര്‍ത്താക്കളുമായി അധ്യാപകര്‍ ആശയ വിനിമയം നടത്തേണ്ടതാണ്. അഥവാ വന്നാല്‍ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രികളിലെ ആരോഗ്യ പ്രവര്‍ത്തകരുമായോ അല്ലെങ്കില്‍ ദിശയുമായോ (1056, 0471 2552056) ബന്ധപ്പെടുക.

ഉപയോഗശേഷം മാസ്‌കുകള്‍, കൈയുറകള്‍, ഭക്ഷണപദാര്‍ത്ഥങ്ങള്‍, മറ്റ് വസ്തുക്കള്‍ എന്നിവ അലക്ഷ്യമായി വലിച്ചെറിയാന്‍ പാടില്ല.

ടോയ്‌ലറ്റുകളില്‍ പോയതിന് ശേഷം കൈകള്‍ സോപ്പും വെള്ളവും അല്ലെങ്കില്‍ സാനിറ്റൈസര്‍ ഉപയോഗിച്ച്‌ വൃത്തിയാക്കുക.

തുണിമാസ്‌കാണ് ഉപയോഗിക്കുന്നതെങ്കില്‍ കഴുകി ഉണക്കി ഇസ്തിരിയിട്ട ശേഷം ഉപയോഗിക്കുക.

വീട്ടിലെത്തിയ ഉടന്‍ മാസ്‌കും വസ്ത്രങ്ങളും അലക്ഷ്യമായിടാതെ സോപ്പുപയോഗിച്ച്‌ കഴുകിയിട്ട് കുളിച്ച്‌ വൃത്തിയായതിന് ശേഷം മാത്രം മറ്റുള്ളവരുമായി ഇടപഴകുക.

ഈ പ്രത്യേക സാഹചര്യത്തില്‍ വീട്ടിലെ വയോജനങ്ങളുമായും ചെറിയ കുട്ടികളുമായും അസുഖമുള്ളവരുമായും അടുത്തിടപഴകരുത്.

അധ്യാപകര്‍ക്കോ, വിദ്യാര്‍ത്ഥികള്‍ക്കോ, രക്ഷിതാക്കള്‍ക്കോ എന്തെങ്കിലും സംശയമുണ്ടെങ്കില്‍ ദിശ 1056, 0471 2552056 എന്നീ നമ്പരുകളില്‍ ബന്ധപ്പെടേണ്ടതാണ്.