തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമഭേദഗതിക്കെതിരായ സംസ്ഥാനത്തിന്റെ പ്രമേയത്തെ അനുകൂലിച്ചത് വിവാദമായതോടെ വിശദീകരണ പ്രസ്താവന പുറത്തിറക്കി ബി ജെ പി എം എല്‍ എ ഒ രാജഗോപാല്‍. നിയമസഭയില്‍ പ്രമേയത്തെ ശക്തമായി താന്‍ എതിര്‍ത്തുവെന്നാണ് എം എല്‍ എ പ്രസ്താവനയില്‍ പറയുന്നത്. പ്രമേയത്തെ അനുകൂലിക്കുന്നവര്‍, എതിര്‍ക്കുന്നവര്‍ എന്ന് സ്പീക്കര്‍ വേര്‍തിരിച്ച് ചോദിച്ചില്ലെന്നും ഒറ്റ ചോദ്യത്തില്‍ ചുരുക്കിയ സ്പീക്കര്‍ കീഴ്വഴക്ക ലംഘനം നടത്തിയെന്നും രാജഗോപാല്‍ ആരോപിച്ചു.
കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം വോട്ടിനിട്ടപ്പോള്‍ അനുകൂലിക്കുന്നവര്‍ എതിര്‍ക്കുന്നവര്‍ എന്ന് സ്പീക്കര്‍ വെവ്വേറെ ചോദിക്കുന്നുണ്ടെന്നത് സഭാ ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. അനുകൂലിക്കുന്നവര്‍ എന്ന ചോദ്യത്തിന് ഒ രാജഗോപാല്‍ കൈ പൊക്കി അനുകൂലിച്ചു. എതിര്‍ക്കുന്നവര്‍ എന്ന് പറയുമ്ബോള്‍ രാജഗോപാലിന്റെ കൈ താഴ്ത്തിയ നിലയിലായിരുന്നുവെന്നും ദൃശ്യങ്ങളില്‍ കാണാം
.
കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം പൊതു അഭിപ്രായത്തെ മാനിച്ച് യോജിക്കുന്നുവെന്നായിരുന്നു സഭയില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം രാജഗോപാല്‍ മാദ്ധ്യമങ്ങളോട് പറഞ്ഞത്. സംഭവം വിവാദമായതോടെ മറ്റ് ബി ജെ പി നേതാക്കള്‍ വിഷയം രാജഗോപാലിനോട് സംസാരിച്ചതായും അതിന്റെ അടിസ്ഥാനത്തിലാണ് പ്രസ്താവന പുറത്തിറക്കിയതെന്നുമാണ് വിവരം. മുതിര്‍ന്ന നേതാവായ രാജഗോപാലിനോട് ബി ജെ പി നേരിട്ട് വിശദീകരണം ചോദിക്കുമോ എന്ന കാര്യത്തിലാണ് ഇനി വ്യക്തത വരേണ്ടത്.