ലഖ്നൗ : പത്താം ക്ലാസ് വിദ്യാര്‍ഥി സഹപാഠിയെ വെടിവെച്ച്‌ കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹര്‍ ജില്ലയിലാണ് സംഭവം. ക്ലാസ് മുറിയിലെ ഇരിപ്പിടത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ബുധനാഴ്ചയാണ് വിദ്യര്‍ഥികള്‍ തമ്മില്‍ പ്രശ്‌നം ഉണ്ടായത് തുടര്‍ന്ന് വ്യാഴാഴ്ച ഇവരിലൊരാള്‍ തന്റെ അമ്മാവന്റെ ലൈസന്‍സുള്ള തോക്കുമായി ക്ലാസിലെത്തുകയായിരുന്നു.

തുടര്‍ന്ന് തന്നോട് തര്‍ക്കിച്ച വിദ്യാര്‍ഥിയെ വെടിവെയ്ക്കുകയായിരുന്നു. വെടിയേറ്റ വിദ്യാര്‍ഥി അപ്പോള്‍ തന്നെ മരിച്ചു. മൂന്ന് തവണയാണ് വെടിയുതിര്‍ത്തത്. തലയിലും നെഞ്ചിലും വയറിലുമാണ് വെടിയേറ്റത്. വെടിവെച്ച ശേഷം വിദ്യാര്‍ഥി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അധ്യാപകര്‍ ചേര്‍ന്ന് പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. വെടിയുതിര്‍ത്ത വിദ്യാര്‍ഥിയുടെ ബാഗില്‍ തദ്ദേശീയമായി നിര്‍മ്മിച്ച മറ്റൊരു തോക്കു കൂടി ഉണ്ടായിരുന്നതായി സീനിയര്‍ പോലീസ് ഓഫീസര്‍ സന്തോഷ് കുമാര്‍ സിങ് പറഞ്ഞു.