മുംബൈ: ബോളിവുഡ് സിനിമാതാരം സുശാന്ത് സിംഗ് രാജ്പുതിന്‍റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണെന്നും സാധ്യമായ എല്ലാ വശങ്ങളും പരിശോധിക്കുന്നുണ്ടെന്നും അറിയിച്ച്‌ സിബിഐ. അന്വേഷണവുമായി ബന്ധപ്പെട്ട് വിവരങ്ങളില്‍ വ്യക്തത വരാത്ത സാഹചര്യത്തില്‍ ബിജെപി മുതിര്‍ന്ന നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി പ്രധാനമന്ത്രിക്ക് കത്തയച്ചു. ഈ സാഹചര്യത്തിലാണ് സിബിഐ പ്രതികരിച്ചത്.

അന്വേഷണം തുടങ്ങി മാസങ്ങള്‍ പിന്നിട്ട കേസില്‍ ആദ്യമായാണ് സിബിഐ ഔദ്യോഗികമായി പ്രതികരിക്കുന്നത്. കേസില്‍ ആഴത്തിലുള്ള വിശദമായ അന്വേഷണം തന്നെയാണ് നടക്കുന്നതെന്നാണ് സിബിഐ എസ്.പി. നുപുര്‍ പ്രസാദ് പ്രതികരിച്ചത്. കേസുമായി ബന്ധപ്പെട്ട സെല്‍ ടവര്‍ ലൊക്കേഷനുകളുടെ ഡമ്ബ് ഡാറ്റ വിശകലനം ചെയ്യുന്നതിനായി നൂതന മൊബൈല്‍ ഫോറന്‍സിക് ഉപകരണങ്ങള്‍ ഉപയോഗിച്ചു വരുന്നുണ്ടെന്നും സ്വാമിക്ക് മറുപടിയായി സിബിഐ എസ്.പി വ്യക്തമാക്കി.