ന്യൂഡല്‍ഹി : രാജ്യത്ത് ടോള്‍ പ്ലാസകളില്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കുന്നതിനുള്ള കാലാവധി നീട്ടി കേന്ദ്രസര്‍ക്കാര്‍. ഫെബ്രുവരി 15 വരെയാണ് കാലാവധി നീട്ടിയത്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ഉത്തരവ് പുറത്തിറക്കി.

നേരത്തെ ജനുവരി ഒന്ന് മുതല്‍ വാഹനങ്ങളില്‍ ഫാസ്ടാഗുകള്‍ നിര്‍ബന്ധമാക്കാനാണ് കേന്ദ്ര റോഡ് ഉപരിതല ഗതാഗത മന്ത്രാലയം തീരുമാനിച്ചത്. എന്നാല്‍ കേന്ദ്ര മന്ത്രി നിധിന്‍ ഗഡ്കരിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ ഈ തീരുമാനം മാറ്റുകയായിരുന്നു. കാലാവധി ദീര്‍ഘിപ്പിച്ച വിവരം നിധിന്‍ ഗഡ്കരി തന്നെയാണ് അറിയിച്ചത്.

ടോള്‍ പ്ലാസകളിലെ തിരക്ക് ഒഴിവാക്കുന്നതിനും, ഡിജിറ്റല്‍ വത്കരണത്തിന്റെയും ഭാഗമായാണ് വാഹനങ്ങളില്‍ ഫാസ്ടാഗ് സംവിധാനം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. ഇലക്‌ട്രോണിക് സംവിധാനങ്ങള്‍ ഉപയോഗിച്ച്‌ വാഹനങ്ങളില്‍ നിന്നും ടോള്‍ പിരിക്കുന്ന രീതിയാണ് ഫാസ്ടാഗ്. 2016 മുതലാണ് ഫാസ്ടാഗ് സംവിധാനം രാജ്യത്ത് നടപ്പാക്കിതുടങ്ങിയത്. ഇതിന്റെ ഭാഗമായി 2017 ഡിസംബര്‍ ഒന്നു മുതല്‍ പുതുതായി രജിസ്റ്റര്‍ ചെയ്യുന്ന നാല് ചക്രങ്ങള്‍ക്ക് ഫാസ്ടാഗ് നിര്‍ബന്ധമാക്കിയുരുന്നു. ഇതിന് പുറമേ വാഹനങ്ങളുടെ ഫിറ്റ്‌നസ് പുതുക്കുന്നതിനും ഫാസ്ടാഗ് നിര്‍ബന്ധമാണ്.

ടോള്‍പ്ലാസകളില്‍ ഫാസ്ടാഗ് ഉപയോഗിച്ചു ടോള്‍ പിരിവ് കര്‍ശനമാക്കുന്നതിന്റെ ഭാഗമായി നവംബറില്‍ 2017 ഡിസംബര്‍ 1 ന് മുന്‍പ് വില്‍പ്പന നടത്തിയ വാഹനങ്ങളില്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കണമെന്ന് മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിരുന്നു. ഫാസ്ടാഗുകള്‍ നിര്‍ബന്ധമാക്കുന്നതിലൂടെ ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിന് പുറമേ സമയവും ഇന്ധനവും ഇതിലൂടെ ലാഭിക്കാമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വിലയിരുത്തല്‍.