പുതുവര്‍ഷത്തിന്റെ ആദ്യമാസങ്ങളില്‍ തന്നെ തിയറ്ററുകള്‍ തുറന്നു പ്രവര്‍ത്തിയ്ക്കുമെന്ന് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനുമായി സംവിധായകന്‍ സത്യന്‍ അന്തിക്കാട് നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ചു സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.

കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ച്‌ തിയറ്ററുകള്‍ തുറക്കുന്നതിനെക്കുറിച്ച്‌ ആലോചന പുരോഗമിക്കുകയാന്നെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചതായി സത്യന്‍ അന്തിക്കാട് പറഞ്ഞു.

തദ്ദേശ തെരെഞ്ഞെടുപ്പ് പെരുമാറ്റ ചട്ടമുള്ളതിനാലാണ് തിയറ്ററുകള്‍ തുറക്കുന്നത് സംബന്ധിച്ച്‌ തീരുമാനങ്ങള്‍ ഒന്നും ഉണ്ടാകാതിരുന്നത്. കഴിഞ്ഞ മാസം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചലച്ചിത്ര സംഘടനകളുടെ ഓണ്‍ലൈന്‍ യോഗം വിളിച്ചിരുന്നു.
തിയറ്ററുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് ചില ഡിമാന്റുകള്‍ യോഗത്തില്‍ ഫിലിം ചേംബര്‍ മുന്നോട്ടു വെച്ചിരുന്നു. ജിഎസ്ടിക്കു പുറമേയുള്ള വിനോദ നികുതി ഒഴിവാക്കുക, വൈദ്യുതി ഫിക്സഡ് ചാര്‍ജ് പൂര്‍ണമായി ഒഴിവാക്കുക, വൈദ്യുതി ചാര്‍ജ് ഗഡുക്കളായി അടയ്ക്കാന്‍ അനുവദിക്കുക, കോവിഡ് കാലത്തിനു ശേഷം റിലീസ് ചെയ്യുന്ന ചിത്രങ്ങള്‍ക്കു 10 ലക്ഷം രൂപ വീതം സബ്സിഡി നല്‍കുക തുടങ്ങിയവയാണു പ്രധാന ആവശ്യങ്ങള്‍.