പുണെ: വളര്‍ത്തുനായയെ വീട്ടുജോലിക്കാരന്‍ കൊലപ്പെടുത്തിയെന്ന പരാതിയുമായി നടി അയേഷ ജുല്‍ക. ലോണേവാലയിലെ വീട്ടില്‍ വളര്‍ത്തുനായ റോക്കിയെ ജോലിക്കാരനായ രാം അന്ദേര കൊലപ്പെടുത്തിയെന്നാണ്​ നടിയും ആക്​ടിവിസ്റ്റുമായ ജുല്‍ക്കയുടെ പരാതി. ലോണേവാലയിലെ തെരുവില്‍ നിന്നും ജുല്‍ക എടുത്ത്​ വളര്‍ത്തിയ നായാണ്​ കൊല്ലപ്പെട്ടത്​.

റോക്കിക്കൊപ്പം റിഗ്ഗലി എന്ന നായ​യേയും ജുല്‍ക എടുത്തു വളര്‍ത്തിയിരുന്നു. സെപ്​തംബര്‍ 13നാണ്​ നായ ചത്തുവെന്ന​ ഫോണ്‍കോള്‍ മുംബൈയിലുള്ള ജുല്‍ക്കക്ക്​ ലഭിക്കുന്നത്​. വീട്ടിലെ വാട്ടര്‍ ടാങ്കില്‍ മുങ്ങി മരിച്ചുവെന്നായിരുന്നു വീട്ടിലെ വേലക്കാരന്‍ പറഞ്ഞത്​. എന്നാല്‍, വീട്ടിലെ ടാങ്കിന്​ വായ്​വട്ടം കുറവായിരുന്നു കൂടാതെ നായയുടെ ശരീരത്തില്‍ പരിക്കുകളുമുണ്ടായിരുന്നു. ഇതോടെ നായയുടെ മരണം കൊലപാതകമാണെന്ന സംശയം ശക്​തമായി. തുടര്‍ന്ന്​ മുംബൈയിലേക്കുള്ള യാത്രമധ്യ ലോണവാലയിലേക്ക്​ മടങ്ങിയ അയേഷ സംസ്​കരിച്ച മൃതദേഹം പുറത്തെടുത്ത്​ പോസ്റ്റ്​മോര്‍ട്ടം നടത്തിക്കുകയും ചെയ്​തു. റിപ്പോര്‍ട്ടില്‍ ശ്വാസംമുട്ടിയാണ്​ മരണമെന്നും നായ മുങ്ങിമരിക്കാനുള്ള സാധ്യതകള്‍ കുറവാണെന്നും പരാമര്‍ശിച്ചതോടെ ജുല്‍ക ലോണേവാല പൊലീസ്​ സ്​റ്റേഷനില്‍ പരാതി നല്‍കി.

പൊലീസ്​ അന്വേഷണത്തിന്‍റെ അടിസ്ഥാനത്തില്‍ കേസില്‍ കുറ്റപത്രം തയാറാണെന്ന്​ പൊലീസ്​ അറിയിച്ചു​. വൈകാതെ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കും. എങ്കിലും ഫോറന്‍സിക്​ റിപ്പോര്‍ട്ട്​ ഉള്‍പ്പടെയുള്ളവ ലഭിക്കാത്തതിനാല്‍ കേസിന്‍റെ വിചാരണ നീണ്ടു പോവുകയാണെന്ന്​​ ജുല്‍ക പറയുന്നു. ഫോറന്‍സിക്​ ഡിപ്പാര്‍ട്ട്​മെന്‍റില്‍ അന്വേഷിച്ചപ്പോള്‍ മനുഷ്യരുടെ കേസുകള്‍ ബാക്കിയുണ്ടെന്നും അതുകഴിഞ്ഞിട്ട്​ മതി ഇതെന്നുമുള്ള മറുപടിയാണ്​ ലഭിച്ചതെന്ന്​ ജുല്‍ക പറഞ്ഞു. അതേസമയം, ഇക്കാര്യത്തില്‍ പ്രതികരണത്തിന്​ ഫോറന്‍സിക്​ ഡിപ്പാര്‍ട്ട്​മെന്‍റ്​ തയാറായിട്ടില്ല.