ന്യൂഡല്‍ഹി : വിദേശരാജ്യങ്ങളിലേക്ക് തദ്ദേശീയമായി നിര്‍മ്മിച്ച ആകാശ് മിസൈല്‍ സിസ്റ്റം കയറ്റുമതി ചെയ്യാന്‍ തീരുമാനിച്ച്‌ കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗാണ് ഇക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് നിര്‍ദ്ദേശം അംഗീകരിച്ചത്.

ഇത് സംബന്ധിച്ച്‌ തീരുമാനം സ്വീകരിക്കുന്നതിനായി പ്രത്യേക കമ്മിറ്റി രൂപപ്പെടുത്തുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ സൈന്യം വിന്യസിച്ചിരിക്കുന്ന മിസൈലുകളില്‍ നിന്നു വ്യത്യസ്തമായ മിസൈലുകളാണ് വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു. ആകാശ് മിസൈലുകളുടെ കയറ്റുമതി ആരംഭിക്കുന്നതിലൂടെ അന്താരാഷ്ട്ര മേഖലയില്‍ ഇന്ത്യയുടെ പ്രതിച്ഛായ വര്‍ദ്ധിമെന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി.

ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമായി നിരവധി സൈനിക ആയുധങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് രാജ്യത്ത് നടക്കുന്നത്. ഡിആര്‍ഡിഒയുടെ ആദ്യ തദ്ദേശ നിര്‍മ്മത മിസൈലായ ആകാശ് മിസൈലുകള്‍ക്ക് 25 കിലോമീറ്റര്‍ ദൂരപരിധിയില്‍ വരെ ആക്രമണം നടത്താന്‍ സാധിക്കും.