ചെന്നൈ: മുന്‍ ക്രിക്കറ്റ് താരം ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍ ബിജെപിയില്‍ ചേര്‍ന്നു. അടുത്ത വര്‍ഷം തമിഴ്‌നാട്ടില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ശിവരാമകൃഷ്ണന്‍ പാര്‍ട്ടിയിലെത്തിയത്. സിടി രവിയുടെ സാന്നിധ്യത്തില്‍ ചെന്നൈയില്‍ നടന്ന ചടങ്ങിലാണ് ശിവരാമകൃഷ്ണന്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

17ാം വയസ്സില്‍ ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിച്ച താരം ഒന്‍പത് ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും 26 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. ലെഗ്‌സ്പിന്നറായ ശിവരാമകൃഷ്ണന്റെ പേരില്‍ 15 ഏകദിന വിക്കറ്റുകളുമുണ്ട്. ക്രിക്കറ്റില്‍ നിന്നും വിരമിച്ച താരം പിന്നീട് ക്രിക്കറ്റ് കമന്ററി രംഗത്ത് ശ്രദ്ധേയ സാന്നിധ്യമായി. കഴിഞ്ഞ 20 വര്‍ഷങ്ങളായി ശിവരാമകൃഷ്ണന്‍ കമന്റേറ്ററായി പ്രവര്‍ത്തിച്ചുവരികയാണ്. ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ബൗളിങ് കോച്ചായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.