തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ദമ്പതിമാര്‍ തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പിണറായി സര്‍ക്കാര്‍ തന്നെയാണ് ഒന്നാംപ്രതിയെന്ന് സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം പറഞ്ഞു.

കേരളത്തിലെ ഭൂ പ്രശ്നങ്ങളെ അഭിമുഖീകരിക്കാതെ ഭൂരഹിതരായ സാധാരണക്കാരുടെ ജീവിതം ആത്മഹത്യയിലേക്ക് തള്ളിവിട്ട ശേഷം അനാഥരാകുന്നവരെ ഏറ്റെടുത്ത് മുഖം രക്ഷിക്കാനുള്ള കപട ശ്രമമാണ് മുഖ്യമന്ത്രി പിണറായി നടത്തുന്നത്.

കേരളത്തിലെ അഞ്ചര ലക്ഷം ഏക്കര്‍ വരുന്ന സര്‍ക്കാര്‍ ഭൂമി അനധികൃതമായി കയ്യേറിയ കുത്തകകള്‍ക്ക് ഒത്താശ ചെയ്യുന്ന സര്‍ക്കാരാണിത്. കോടതി ഉത്തരവിന്റെ മറവില്‍ സ്റ്റേവിധി വരാനുള്ള സാദ്ധ്യത പരിഗണിക്കാതെ സര്‍ക്കാര്‍ രാജനെയും കുടുംബത്തെയും തെരുവിലിറക്കാന്‍ ശ്രമിച്ചത് കൊടും ക്രൂരതയാണ്. സര്‍ക്കാര്‍ തന്നെയാണ് ആത്മഹത്യക്ക് പ്രേരണ നല്‍കിയത്.

സംസ്ഥാന ഭരണകൂടം പറയുന്ന കേരള മോഡലിന്റെ ഒടുവിലത്തെ ഇര കൂടിയാണ് രാജന്‍ – അമ്പിളി ദമ്പതിമാര്‍. പ്ലാന്‍റ്റേഷന്‍ മേഖലകളിലെ ഭൂമി കൈയേറിയ മുതലാളിമാരോട് സര്‍ക്കാര്‍ ഉദാര സമീപനം സ്വീകരിക്കുകയും ഭൂമിയില്ലാത്ത ജനങ്ങളോട് വഞ്ചനാപരമായ നിലപാടുമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. മരണപ്പെട്ട രാജനെ മറമാടുന്നതിനുപോലും തടസ്സം സൃഷ്ടിച്ച പോലീസ് നടപടി പ്രതിഷേധാര്‍ഹമാണ്.

സര്‍ക്കാറിന്റെ പ്രതിരൂപമായ പോലീസ് ജനങ്ങളുടെ മേല്‍ നടത്തുന്ന അതിരുവിട്ട ഇടപെടലുകള്‍ അവസാനത്തേതല്ല. അത്തരം പോലീസുദ്യോഗസ്ഥന്‍ന്മാര്‍ സസുഖം സര്‍വ്വീസില്‍ തുടരുന്നത് സര്‍ക്കാര്‍ നയം എന്താണെന്ന് വ്യക്തമാക്കി തരുന്നതാണ്.

ഭൂരഹിതരെ സമ്പൂര്‍ണമായി വഞ്ചിച്ച സര്‍ക്കാറാണ് ഇടതുപക്ഷം. ഭൂരഹിതര്‍ക്ക് ഭൂമി ലഭ്യമാകുന്നതിന് സഹായകമായ സീറോ ലാന്‍ഡ് പോലുള്ള ഭവന നിര്‍മ്മാണ പദ്ധതികള്‍ പോലും അട്ടിമറിച്ച ചരിത്രമാണ് പിണറായി സര്‍ക്കാരിന് ഉള്ളത്. ഭൂമി പ്രശ്നത്തെ കേവലം പാര്‍പ്പിട പ്രശ്നമാക്കി ഭൂമാഫിയകളെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

അഴിമതിയുടെ കേന്ദ്രമായി മാറിയ ലൈഫ് മിഷന്‍ പദ്ധതിയിലും ഭൂരഹിതരെ വഞ്ചിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. കേരളത്തിലെ അനധികൃത കയ്യേറ്റി ഭൂമി പിടിച്ചെടുത്ത് ഭൂരഹിതര്‍ക്ക് കൈമാറാന്‍ സര്‍ക്കാര്‍ തയ്യാറാകണം. കേരളത്തിലെ ലക്ഷക്കണക്കിനു വരുന്ന ഭൂരഹിതരുടെ പ്രശ്നം പരിഹരിക്കാന്‍ ഭരണകൂടം തയ്യാറാവാതെ ഇത്തരം ആത്മഹത്യകള്‍ അവസാനിക്കുകയില്ലെന്ന് അദ്ദേഹം പറഞ്ഞു.