രാഹുലിനു സ്ഥിരതയില്ലെന്ന ശരത് പവാറിന്റെ പ്രസ്താവനയുടെ സാഹചര്യത്തില്‍ എന്‍.സി.പി- കോണ്‍ഗ്രസ് ഭിന്നത രൂക്ഷമാകുന്നു. മഹാരാഷ്ട്രയിലെ ത്രികക്ഷി സഖ്യസര്‍ക്കാരിലും ഇതിന്റെ ഭാഗമായ വാക്പോര് പരസ്യമായി. മമത, അരവിന്ദ് കെജരിവാള്‍, ചന്ദ്രശേഖര്‍ റാവു ഉള്‍പ്പടെയുള്ള നേതാക്കളുമായും അവരുടെ പാര്‍ട്ടിയുമായും സഹകരിയ്ക്കാനുള്ള തിരുമാനത്തെ ചോദ്യം ചെയ്യാന്‍ കോണ്‍ഗ്രസ്സിന് അവകാശമില്ലെന്ന് എന്‍.സി.പി പ്രതികരിച്ചു.
ആദ്യം പ്രചരിച്ചത് ശരത് പവാറിനെ യു.പി.എ അദ്ധ്യക്ഷനാക്കാന്‍ സോണിയാ ഗാന്ധി മുന്‍ കൈ എടുക്കുന്നു എന്നായിരുന്നു. അന്ന് ആ വാര്‍ത്ത കോണ്‍ഗ്രസ്സ് സമ്മതിച്ചു. എന്നാല്‍ ഇപ്പോള്‍ അങ്ങനെ ചിന്തിച്ചിട്ട് പോലും ഇല്ല എന്ന് കോണ്‍ഗ്രസ് പറയുന്നു. രാഹുലിന് സ്ഥിരതയില്ലെന്ന് ശരത് പവാര്‍ നടത്തിയ പ്രസ്താവനയ്ക്ക് ശേഷം ആണ് ഇരുപാര്‍ട്ടികളും തമ്മിലുള്ള ഭിന്നത മൂര്ച്ചിച്ചത്. ഡല്‍ഹിയില്‍ എത്തി എന്നറിയിച്ചിട്ടും സുഖം ഇല്ല എന്ന അറിയിച്ച് ശരത് പവാറുമായുള്ള കൂടിക്കഴ്ചയില്‍ നിന്ന് സോണിയാ ഗാന്ധി ഒഴിവായി. രാഹുലിന് സ്ഥിരതയില്ലെന്ന പവാറിന്റെ പ്രസ്താവന പിന്‍വലിയ്ക്കാന്‍ തയ്യാറാകാതിരുന്ന എന്‍.സി.പി അത് ഒരു ഉപദേശമായി കണ്ടാല്‍ മതിയെന്ന് നിര്‍ദ്ദേശിച്ചതും കോണ്‍ഗ്രസ്സിനെ ചൊടിപ്പിച്ചു. ഇതിന് തുടര്‍ച്ചയായാണ് യു.പി.എ ഘടക കക്ഷികളുടെ യോഗം വിളിയ്ക്കാനും മമതയും അരവിന്ദ് കെജരിവാളും ചന്ദ്രശേഖര്‍ റാവുവും അടക്കമുള്ളവരെ ഉള്‍പ്പെടുത്തി പ്രതിപക്ഷനിര ശക്തമാക്കാനും ഉള്ള പവാറിന്റെ ശ്രമം.
സൂചി കയറ്റാന്‍ ഇടം കൊടുത്തപ്പോള്‍ പവാര്‍ തൂമ്ബയുമായി കടന്ന് കയറി എന്നതാണ് കോണ്‍ഗ്രസ്സിന്റെ ഇപ്പോഴത്തെ അവസ്ഥ. മഹാരാഷ്ട്രയിലെ ത്രികക്ഷി സര്‍ക്കാരില്‍ ഇത് കോണ്‍ഗ്രസ്-എന്‍.സി.പി വാക്പോരായി മാറിക്കഴിഞ്ഞു. എന്‍.സി.പിയെ പിന്തുണച്ച ശിവസേനയെ രൂക്ഷമായ ഭാഷയിലാണ് കോണ്‍ഗ്രസ് വിമര്‍ശിച്ചത്. കോണ്‍ഗ്രസിന്റെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാന്‍ ശിവസേന ധൈര്യം കാണിക്കരുതെന്ന് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷനും മന്ത്രിയുമായ ബാലാ സാഹേബ് തോറാട്ട് പറഞ്ഞു. മുംബയില്‍ കോണ്‍ഗ്രസ്സിന്റെ സ്ഥാപക ദിനത്തില്‍ നടന്ന പൊതുയോഗത്തിലും എല്ലാ നേതാക്കളും ഇരു സഖ്യകക്ഷികളെയും രൂക്ഷമായി വിമര്‍ശിച്ചു. പവാറിന് രാഷ്ട്രിയ മാന്യത ഇല്ലാ എന്ന് സൂചിപ്പിയ്ക്കും വിധമായിരുന്നു വിമര്‍ശനങ്ങള്‍. ഇക്കാര്യത്തില്‍ എന്നാല്‍ ഉറച്ച് തന്നെ ആണ് പവാറിന്റെയും എന്‍.സി.പി യുടെയും നിലപാട്. പാര്‍ട്ടിയുടെ രാഷ്ട്രിയ ചിന്തകളെയും നീക്കത്തെയും ചോദ്യം ചെയ്യാന്‍ കോണ്‍ഗ്രസ്സിന് അവകാശമില്ലെന്ന് എന്‍.സി.പി പ്രതികരിച്ചു.