കുറ്റകൃത്യം തടയാന്‍ പൊലീസിന് കൂടുതല്‍ അധികാരം നല്‍കണമെന്നും അതിനായി നിയമത്തില്‍ മാറ്റം വരുത്തണമെന്നും അഴിമതിക്കാരെയും കഴിവില്ലാത്തവരെയും പിരിച്ചുവിടണമെന്നും പൊലീസ്, ജയില്‍ പരിഷ്കരണ സമിതി ശിപാര്‍ശ. ഗുണ്ടാപ്രവര്‍ത്തന നിരോധന നിയമ (കാപ്പാ) പ്രകാരം കുറ്റവാളികളെ ജയിലില്‍ അടക്കാന്‍ ഉന്നത പൊലീസ് മേധാവികള്‍ക്ക് അധികാരം നല്‍കണമെന്നും ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന് അധ്യക്ഷനായ സമിതി ശിപാര്‍ശ ചെയ്തു.
തടവുകാരെ കോടതിയില്‍ ഹാജരാക്കാന്‍ വിഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം പരമാവധി ഉപയോഗിക്കണം. കേസ് ഡയറികള്‍ പൂര്‍ണമായും ഡിജിറ്റലാക്കണം. കെട്ടിക്കിടക്കുന്ന കേസുകള്‍ പൂര്‍ത്തിയാക്കാന്‍ പ്രത്യേക സംവിധാനമൊരുക്കണം.
ക്രമസമാധാനപാലനവും അന്വേഷണവും രണ്ട് വിഭാഗമാക്കണം. വസ്തു, കുടുംബ തര്‍ക്കം തുടങ്ങിയവയുമായി ബന്ധപ്പെട്ട ചെറിയ കേസുകള്‍ സംസ്ഥാന ലീഗല്‍ സര്‍വിസസ് അതോറിറ്റിയുമായി ചേര്‍ന്ന് പരിഹരിക്കാന്‍ ശ്രമിക്കണം. പൊലീസ് നിയമത്തിന്റ ചട്ടം വേഗത്തില്‍ തയാറാക്കി പ്രസിദ്ധപ്പെടുത്തണമെന്നും സമിതി റിപ്പോര്‍ട്ടിലുണ്ട്. കേസന്വേഷണത്തിന് സൈബര്‍ തെളിവ്, സൈബര്‍ പരിശോധന തുടങ്ങിയവ ശക്തമാക്കണം. സാമൂഹിക മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ളവയിലൂടെ തെറ്റായ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കാനുള്ള സംവിധാനമുണ്ടാകണം.
സാമ്പത്തികതട്ടിപ്പ് തടയുന്നതിന് കേരള പൊലീസില്‍ സാമ്പത്തിക നിരീക്ഷണവിഭാഗം രൂപവത്കരിക്കണം. ഫിംഗര്‍പ്രിന്റ് ബ്യൂറോ ആധുനികവത്കരിക്കണം. മൊബൈല്‍ േഫാറന്‍സിക് ലാബ് എല്ലാ ജില്ലകളിലും വേണം.
ജയിലുകളില്‍ ചികിത്സാസൗകര്യം വര്‍ധിപ്പിക്കണം. തടവുകാര്‍ക്ക് ഇന്‍സെന്റിവ് നല്‍കണം. പ്രതികളെ ജയിലില്‍തന്നെ കുറ്റവിചാരണ ചെയ്യാനുള്ള അത്യാധുനിക സംവിധാനം ഒരുക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
തടവു ചാടുന്നവരെ പ്രത്യേകം പാര്‍പ്പിക്കണം. ഇത്തരക്കാര്‍ക്ക് ലൊക്കേഷന്‍ മാര്‍ക്കര്‍ ഘടിപ്പിക്കണം. മുഴുവന്‍ ജയിലുകളിലും സി.സി.ടി.വി ഒരുക്കണം. 162 പേജുള്ള റിപ്പോര്‍ട്ടാണ് കഴിഞ്ഞദിവസം മുഖ്യമന്ത്രിക്ക് സമിതി കൈമാറിയത്. ജയില്‍ വകുപ്പ് മുന്‍ മേധാവി ഡോ. അലക്സാണ്ടര്‍ ജേക്കബ്, സൈബര്‍ സുരക്ഷാ വിദഗ്ധന്‍ ഡോ. പി. വിനോദ് ഭട്ടതിരിപ്പാട് എന്നിവരായിരുന്നു സമിതിഅംഗങ്ങള്‍