തിരുവനന്തപുരം: രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കൊറോണ വ്യാപനം കുറയുമ്പോൾ കേരളത്തിലെ സാഹചര്യം ആശങ്കയാകുന്നു. നിലവിൽ രാജ്യത്ത് ഏറ്റവും ഉയർന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള സംസ്ഥാനം കേരളമാണ്. ഡിസംബർ 13 മുതൽ 26 വരെയുള്ള രണ്ടാഴ്ചക്കാലത്ത് കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ശരാശരി 10 ശതമാനമാണ്.നവംബർ 30 മുതൽ ഡിസംബർ 13 വരെയുള്ള 14 ദിവസം 9.9 ശതമാനമായിരുന്നു കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇതേ കാലയളവിൽ ദേശീയ ശരാശരി 3 ശതമാനമായിരുന്നു. 14 ദിവസ കാലയളവിൽ ഏതെങ്കിലും സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5 ശതമാനത്തിൽ കൂടുതലാണെങ്കിൽ ആ സംസ്ഥാനത്തെ റെഡ് സോണിൽ ഉൾപ്പെടുത്തും. അതിനാൽ കേരളം ഇപ്പോഴും റെഡ് സോണിൽ തുടരുകയാണ്. ഗോവയാണ് റെഡ് സോണിലുള്ള മറ്റൊരു സംസ്ഥാനം.

നവംബർ 8 മുതൽ 21 വരെയുള്ള കാലയളവിൽ 9 സംസ്ഥാനങ്ങളായിരുന്നു റെഡ് സോണിൽ ഉൾപ്പെട്ടിരുന്നത്. ഹിമാചൽ പ്രദേശ്, ഗോവ, മഹാരാഷ്ട്ര, ഹരിയാന, രാജസ്ഥാൻ, പശ്ചിമ ബംഗാൾ, ഛത്തീസ്ഗഡ്, ഡൽഹി, കേരളം എന്നിവയായിരുന്നു റെഡ് സോണിൽ ഉണ്ടായിരുന്നത്. എന്നാൽ, നിലവിൽ കേരളവും ഗോവയും ഒഴികെയുള്ള സംസ്ഥാനങ്ങളെല്ലാം റെഡ് സോണിൽ നിന്നും ഒഴിവാക്കപ്പെട്ടു. രാജ്യത്ത് ഏറ്റവും കൂടുതൽ ആളുകൾ ചികിത്സയിലുള്ള സംസ്ഥാനവും കേരളമാണ്. 64,861 ആളുകളാണ് കേരളത്തിൽ ചികിത്സയിലുള്ളത്.