സിസ്റ്റര്‍ അഭയ കൊലപാതകക്കേസ് വൈകിപ്പിക്കാന്‍ മുതിര്‍ന്ന ജഡ്ജി ഇടപെട്ടെന്ന് മുന്‍ സിബിഐ ഡയറക്ടര്‍. സിബിഐയിലെ ഉദ്യോഗസ്ഥരില്‍ നിന്നാണ് മുന്‍ ജഡ്ജിയുടെ ഇടപെടല്‍ അറിഞ്ഞതെന്ന് എം നാഗേശ്വര റാവു. 2016-18 കാലത്ത് ചെന്നൈ ജോയിന്റ് ഡയറക്ടര്‍ ആയിരിക്കെ അഭയ കേസില്‍ ഇടപെട്ടിരുന്നു. ജസ്റ്റിസ് സിറിയക് ജോസഫിന് എതിരായ വാര്‍ത്ത ട്വിറ്ററിലൂടെ പങ്കുവച്ചായിരുന്നു പ്രതികരണം.കഴിഞ്ഞ ദിവസം സിബിഐ പ്രത്യേക കോടതി കേസിലെ പ്രതികളായ ഫാ. തോമസ് എം കോട്ടൂരിനെ ഇരട്ട ജീവപര്യന്തത്തിനും സിസ്റ്റര്‍ സെഫിയെ ജീവപര്യന്തത്തിനും തടവിന് ശിക്ഷിച്ചിരുന്നു. ഒന്നാം പ്രതി ഫാ. തോമസ് എം. കോട്ടൂരിന് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. ഐപിസി 302, 201 വകുപ്പുകള്‍ അനുസരിച്ചാണ് ശിക്ഷ. തെളിവ് നശിപ്പിക്കല്‍, കൊലപാതകം അടക്കമുള്ള കുറ്റങ്ങള്‍ക്കാണ് ശിക്ഷ. സിസ്റ്റര്‍ സെഫിക്കും ജീവപര്യന്തവും അഞ്ച് ലക്ഷം രൂപയുമാണ് ശിക്ഷ. ഐപിസി 201 വകുപ്പ് പ്രകാരം തെളിവ് നശിപ്പിച്ചതിന് ഏഴ് വര്‍ഷം തടവും ഇരുവര്‍ക്കും വിധിച്ചിട്ടുണ്ട്.
പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. എന്നാല്‍, ഫാ. തോമസ് എം കോട്ടൂര്‍ കാന്‍സര്‍ രോഗിയാണെന്നാണ് പ്രതിഭാഗം വാദിച്ചത്. ശിക്ഷയില്‍ പരമാവധി ഇളവ് നല്‍കണമെന്ന് സിസ്റ്റര്‍ സെഫിയുടെ അഭിഭാഷകനും വാദിച്ചു.