കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ചെറുകിട ധനകാര്യ ബാങ്കുകളിലൊന്നായ എയു സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് (എയു ബാങ്ക്) പ്രമുഖ സ്വകാര്യ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയായ ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സുമായി പങ്കാളിത്തം പ്രഖ്യാപിച്ചു.

ബാങ്കിന്റെ 18 ലക്ഷത്തിലധികം വരുന്ന ഇടപാടുകാര്‍ക്ക്, അവരുടെ ആവശ്യം, ധനകാര്യ ലക്ഷ്യം എന്നിവയടിസ്ഥാനമാക്കി ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫിന്റെ വൈവിധ്യമാര്‍ന്ന ഇന്‍ഷുറന്‍സ് ഉത്പന്നങ്ങള്‍ ലഭ്യമാക്കുകയാണ് ഈ പങ്കാളിത്തത്തിന്റെ ലക്ഷ്യം. ഈ ഇന്‍ഷുറന്‍സ് ഉത്പന്നങ്ങല്‍ വഴി ബാങ്കിന്റെ ഇടപാടുകാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ധനകാര്യ സുരക്ഷിതത്വവും ഉറപ്പുവരുത്തുവാനും അവരുടെ ധനകാര്യ ലക്ഷ്യങ്ങള്‍ നിറവേറ്റുവാനും ലക്ഷ്യമിടുന്നു. ഇന്‍ഷുറന്‍സ് വിതരണരംഗത്തില്‍ അതിവേഗം കാലുറപ്പിക്കുന്ന എയു ബാങ്കിന് 13 സംസ്ഥാനങ്ങളിലും രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 700ലധികം ബാങ്കിംഗ് ടച്ച് പോയിന്റുകളുണ്ട്.

”ബാങ്ക് പ്രവര്‍ത്തിക്കുന്നത് ‘ഉപഭോക്തൃ കേന്ദ്രീകൃതം’ എന്ന തത്ത്വത്തിലൂന്നിയാണ്. ഞങ്ങള്‍ നല്‍കിവരുന്ന വൈവിധ്യമാര്‍ന്ന ധനകാര്യ സേവനങ്ങളും ഉപഭോക്തൃമൂല്യവും കൂടുതല്‍ വികസനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അധികമായി ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുവാന്‍ തീരുമാനിച്ചത്. ഇതുവഴി ബാങ്കിന്റെ നിലവിലുള്ള ഉത്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഉപഭോക്താക്കളും മെച്ചപ്പെട്ട മൂല്യം നല്‍കുവാനും ഇടപാടുകാര്‍ക്ക് മെച്ചപ്പെട്ട രീതിയില്‍ അവരുടെ ധനകാര്യ സുരക്ഷ ആസൂത്രണം ചെയ്യാനും സാധിക്കുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ,”എയു സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഉത്തം ടിബര്‍വാള്‍ പറഞ്ഞു. ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സിന്റെ ഉപഭോക്തൃ സഹൃദ ഉല്‍പ്പന്നങ്ങളോടൊപ്പം ഞങ്ങളുടെ വിപുലമായ സാന്നിധ്യവും ശക്തമായ സാങ്കേതിക ശേഷിയും സംയോജിപ്പിച്ച് കൂടുതല്‍ സ്ഥലങ്ങളില്‍ ഇന്‍ഷുറന്‍സ് ലഭ്യത വര്‍ധിപ്പിക്കുവാന്‍ സാധിക്കുമെന്നാണ് തങ്ങളുടെ വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

”എയു സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റേയും ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സിന്റേയും ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളുടെ സംയോജനം ഉപയോക്താക്കള്‍ക്ക് സുഗമവും വേഗത്തിലുള്ളതും കടലാസ്‌രഹിതവുമായ അനുഭവം പ്രദാനം ചെയ്യും. ഈ പങ്കാളിത്തം വഴി എയു സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന് അവരുടെ ഇടാപാടുകാര്‍ക്ക് മികച്ച സമ്പാദ്യ ഉപകരണങ്ങളും റിസ്‌ക് ലഘൂകരണ പരിഹാരങ്ങളും വാഗ്ദാനം ചെയ്യുവാന്‍ സാധിക്കുന്നു. അതേസമയം, ഇന്‍ഷുറന്‍സിന്റെ മള്‍ട്ടി-ചാനല്‍ വിതരണ ശൃംഖലയെ കൂടുതല്‍ ശക്തമാക്കുവാന്‍ ഇതു ഞങ്ങളെ സഹായിക്കുകയും ചെയ്യുന്നു.”, ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് ചീഫ് ഡിസ്ട്രിബ്യൂഷന്‍ ഓഫീസര്‍ അമിത് പാല്‍റ്റ പറഞ്ഞു,

രാജസ്ഥാന്‍, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, പഞ്ചാബ്, ഹരിയാന, ഛത്തീസ്ഗഢ്, ഡല്‍ഹി എന്‍സിആര്‍, ഹിമാചല്‍ പ്രദേശ്, ഉത്തര്‍പ്രദേശ്, കര്‍ണാടക, ഗോവ, പശ്ചിമ ബംഗാള്‍, കേന്ദ്രഭരണ പ്രദേശങ്ങളായ ചണ്ഡിഗഢ്്, ജമ്മു കാഷ്മീര്‍ തുടങ്ങിയ ഇടങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ഉപഭോക്താക്കള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും മികച്ച ധനകാര്യാസൂത്രണത്തിലൂടെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കാന്‍ എയു ബാങ്കിനെ പ്രാപ്തമാക്കും.