പാലക്കാട്: തേങ്കുറിശ്ശി ദുരഭിമാനക്കൊലയില്‍ പ്രതികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന് കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിത. ഇനിയുള്ള കാലം അനീഷിന്റെ കുടുംബത്തോടൊപ്പം കഴിയാനാണ് തീരുമാനമെവ്വും ഹരിത പറഞ്ഞു. കേസില്‍ ഇതുവരെയുള്ള അന്വേഷണം തൃപ്തികരമാണെന്നും ഹരിതയെ മകളെപോലെ സംരക്ഷിക്കുമെന്നും അനീഷിന്റെ അച്ഛന്‍ പ്രതികരിച്ചു.
‘ഞാന്‍ ഇനി ഇവിടെത്തന്നെ ഇരിക്കും. ഇവിടെയിരുന്ന് പഠിച്ച്‌ നല്ലൊരു ജോലി വാങ്ങിച്ച്‌ എന്റെ അപ്പു നോക്കിയ പോലെ അച്ഛനെയും അമ്മയെയും ഞാന്‍ നോക്കും. അവര്‍ക്ക് സര്‍ക്കാര്‍ കടുത്ത ശിക്ഷ കൊടുക്കണം.’-പരിത പറഞ്ഞു.
ഹരിതയെ മകളെപോലെ സംരക്ഷിക്കാനാണ് തങ്ങളുടെ ആഗ്രഹം. അവളെ തുടര്‍ന്ന് പഠിപ്പിക്കണമെന്നുണ്ട്. എന്നാല്‍ അതിനുള്ള കഴിവ് ഞങ്ങള്‍ക്കില്ല. ഹരിതയെ പഠിപ്പിക്കാന്‍ സര്‍ക്കാര്‍ സഹായം ചെയ്യണമെന്നും അനീഷിന്റെ അച്ഛന്‍ പറയുന്നു.
വെള്ളിയാഴ്ചയാണ് തെക്കുറിശ്ശി ഇലമന്ദം സ്വദേശി അനീഷിനെ കൊലപ്പെടുത്തിയത്. സംഭവത്തില്‍ ഹരിതയുടെ പിതാവ് പ്രഭുകുമാറിനേയും അമ്മാവന്‍ സുരേഷിനേയും പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇരുവരും കുറ്റം സമ്മതിച്ചു.