തൊടുപുഴ: അടുത്ത നിയസഭാ തെരഞ്ഞെടുപ്പില്‍ പാലായില്‍ നിന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മാണി സി.കാപ്പന്‍ മത്സരിക്കുമെന്ന് കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ ജോസഫ്. പാലായില്‍ മാണി സി.കാപ്പന്‍ തന്നെ മത്സരിക്കുമെന്നാണ് തന്റെ പ്രതീക്ഷ. സീറ്റ് മാണി സി. കാപ്പന് വിട്ടുനല്‍കും. എന്‍.സി.പി ടിക്കറ്റില്‍ തന്നെ മാണി സി.കാപ്പന്‍ മത്സരിക്കുമെന്നാണ് കരുതുന്നതെന്നും ജോസഫ് പറഞ്ഞു.
തൊടുപുഴ നഗരസഭ ഭരണം ഒരു വര്‍ഷത്തിനുള്ളില്‍ തിരിച്ചുപിടിക്കുമെന്നും ജോസഫ് പറഞ്ഞു. തൊടുപുഴയില്‍ യു.ഡി.എഫ് വിമതനെ ചെയര്‍മാനാക്കി അവസാന നിമിഷം അട്ടിമറിയിലൂടെ എല്‍.ഡി.എഫ് ഭരണം പിടിച്ചത് ജോസഫിന് വലിയ തിരിച്ചടിയായിരുന്നു.
എല്‍.ഡി.എഫിലെത്തിയ ജോസ് കെ.മാണിയ്ക്ക് പാലാ സീറ്റ് വിട്ടുനല്‍കുന്നതില്‍ വലിയ പ്രതിഷേധം മാണി സി.കാപ്പന്‍ ഉയര്‍ത്തിയിരുന്നു. പാലാ സീറ്റ് ജോസ് കെ.മാണിക്ക് നല്‍കിയാല്‍ കാപ്പന്‍ യു.ഡി.എഫില്‍ എത്തുമെന്നും സൂചനയുണ്ട്.