ടെസ്റ്റ് ക്രിക്കറ്റിലെ വിജയ നേട്ടങ്ങളില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയൊടൊപ്പമെത്തി അജിന്‍ക്യ രഹാനെ. ഇന്ത്യന്‍ ടീമിന്റെ നായകനായി കളിച്ച ആദ്യത്തെ മൂന്നു മത്സങ്ങളും ജയിച്ച രണ്ടാമത്തെ താരമെന്ന നേട്ടമാണ് അജിന്‍ക്യ രഹാനെ സ്വന്തമാക്കിയിരിക്കുന്നത്. ക്യാപ്റ്റനായ ശേഷം കളിച്ച മൂന്ന് ടെസ്റ്റ് മത്സരങ്ങളും ജയിച്ച ആദ്യ ഇന്ത്യന്‍ താരമാണ് ധോണി.

ഓസ്‌ട്രേലിയയ്‌ക്കെതിരായ മെല്‍ബണ്‍ ടെസ്റ്റില്‍ എട്ടു വിക്കറ്റിന് ജയിച്ചതോടെ അജിന്‍ക്യ രഹാനെയും ഇക്കാര്യത്തില്‍ ധോണിയോടൊപ്പമെത്തിയിരിക്കയാണ്. 2008ല്‍ അനില്‍ കുംബ്ലെയ്ക്കു പകരമായാണ് ധോണി ടെസ്റ്റ് ടീമിന്റെ നായകസ്ഥാനം ഏറ്റെടുക്കുന്നത്. പിന്നീടു നടന്ന തുടര്‍ച്ചയായ നാലു മത്സരങ്ങളിലും ജയം ഇന്ത്യയ്ക്കായിരുന്നു.

ഇപ്പോള്‍ രഹാനെ മൂന്ന് മത്സരങ്ങള്‍ ജയിച്ചു, അടുത്ത കളി കൂടി ജയിച്ചാല്‍ നാലു മത്സരങ്ങളുടെ കാര്യത്തിലും ധോണിക്കൊപ്പമെത്താം. കോലിക്കു പോലും ഈ നേട്ടം സ്വന്തമാക്കാന്‍ സാധിച്ചിരുന്നില്ല. വിരാട് കോലിക്ക് പകരക്കാരനായാണ് ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്ന് ടെസ്റ്റ് മത്സരങ്ങളില്‍ ഇന്ത്യയെ രഹാനെ നയിക്കുന്നത്. ആദ്യ ടെസ്റ്റിലെ തോല്‍വിക്കു ശേഷം കോലി ഇന്ത്യയിലേക്കു മടങ്ങിയിരുന്നു.

മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ 14 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച ഇന്ത്യ ഇവിടെ ജയിക്കുന്നതു നാലാം തവണയാണ്. വിദേശരാജ്യത്ത് ഇന്ത്യ കൂടുതല്‍ ടെസ്റ്റ് മത്സരങ്ങള്‍ ജയിച്ച മൈതാനം കൂടിയാണിത്. പോര്‍ട്ട് ഓഫ് സ്‌പെയിനിലെ ക്വീന്‍സ് പാര്‍ക്ക് ഓവല്‍, കിങ്സ്റ്റനിലെ സബീന പാര്‍ക്ക്, കൊളംബോയിലെ എസ്‌എസ്‌സി എന്നിവിടങ്ങളില്‍ ഇന്ത്യ മൂന്നു വീതം മത്സരങ്ങള്‍ ജയിച്ചിട്ടുണ്ട്. 2010ന് ശേഷം ടോസ് നഷ്ടപ്പെട്ട് ബോള്‍ ചെയ്ത് ഇന്ത്യ ജയിക്കുന്ന ആദ്യ മത്സരം കൂടിയാണ് ഓസീസിനെതിരായ രണ്ടാം ടെസ്റ്റ്.

അഡ്‌ലെയ്ഡിലെ തോല്‍വിയില്‍ താരങ്ങള്‍ വിഷമിച്ച്‌ ഇരിക്കാത്തതിന്റെ ഫലമാണ് മെല്‍ബണിലെ വിജയമെന്ന് അജിന്‍ക്യ രഹാനെ മത്സരശേഷം പ്രതികരിച്ചു. ടീം ഒന്നാകെ ഉണര്‍ന്നു കളിച്ചതിനാലാണു വിജയിച്ചത്. അങ്ങനെ ചെയ്താല്‍ ജയം ഉറപ്പെന്നു ഞങ്ങള്‍ക്കറിയാം. ബോളിങ്ങില്‍ അശ്വിന്‍ ഉള്‍പ്പെടെയുള്ളവര്‍ നന്നായി കളിച്ചു. പത്താം ഓവറില്‍ പന്തെറിഞ്ഞ അശ്വിന്‍ നല്ല സമ്മര്‍ദമാണ് ഓസ്‌ട്രേലിയന്‍ താരങ്ങളില്‍ ഉണ്ടാക്കിയത്.

രാജ്യാന്തര മത്സരം കളിക്കുന്നതിനു മുന്‍പ് 3-4 വര്‍ഷം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും ഇന്ത്യ എ ടീമിനും വേണ്ടി കളിക്കുന്നത് മത്സരപരിചയം നേടിത്തരും. മുഹമ്മദ് സിറാജ് ക്ഷമയോടെയും അച്ചടക്കത്തോടെയും പന്തെറിഞ്ഞു മികച്ച പ്രകടനം നടത്തിയതായും രഹാനെ പറഞ്ഞു.