ദുബൈ; ടൂറിസ്റ്റ് വിസ കാലാവധി കഴിഞ്ഞവര്‍ക്ക് ഒരു മാസം കൂടി രാജ്യത്ത് തുടരാന്‍ അനുമതി.യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അല്‍ മക്തുമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. പുതിയ ഉത്തരവ് പ്രകാരം യാതൊരു ഫീസും അടയ്ക്കാതെ തന്നെ ടൂറിസ്റ്റ് വിസയില്‍ എത്തിയവര്‍ക്ക് രാജ്യത്ത് തുടരാന്‍ സാധിക്കും.
ജനിതക മാറ്റം വന്ന കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചതോടെ രാജ്യങ്ങള്‍ അതിര്‍ത്തികള്‍ അടയ്ക്കുകയും വിമാന സര്‍വ്വീസുകള്‍ താത്കാലികമായി നിര്‍ത്തലാക്കുകയും ചെയ്തിരുന്നു. വിമാനത്താവളങ്ങള്‍ താത്കാലികമായി അടച്ചതോടെ നിരവധി വിദേശികള്‍ സ്വന്തം രാജ്യത്തേക്ക് മടങ്ങാനാകാതെ തുടരുകയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് തിരുമാനം.
പുതുവര്‍ഷ അവധിദിനങ്ങള്‍ ചെലവഴിക്കാന്‍ നിലവില്‍ യുഎഇയില്‍ എത്തിയ വിനോദ സഞ്ചാരികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഈ തീരുമാനം സഹായകരമാകും.വിനോദസഞ്ചാരികള്‍ക്കുള്ള നടപടിക്രമങ്ങള്‍ സുഗമമാക്കുന്നതിനും യുഎഇയില്‍ താമസിക്കുന്ന സമയത്ത് എല്ലാ സന്ദര്‍ശകരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ഭരണകുടം അറിയിച്ചു.
അതേസമയം പുതുവത്സരത്തെ വരവേല്‍ക്കാന്‍വിപുലമായ പരിപാടികളാണ് യുഎഇ ഒരുക്കിയിരുക്കു്നത്. അതേസമയെ കൊവിഡിന്റെ പശ്ചാത്തലത്തില്‍ കര്‍ശന മാര്‍ഗനിര്‍ദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.