തിരുവനന്തപുരം: കോടതി ഉത്തരവ് പ്രകാരം വീട് ഒഴിപ്പിക്കാനെത്തിയവര്‍ക്ക് മുന്നില്‍ പെട്രോളൊഴിച്ച്‌ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച ഗൃഹനാഥനും ഭാര്യയും മരിച്ച സംഭവത്തില്‍ അടിയന്തര ഇടപെടലിന് മുഖ്യമന്ത്രിയുടെ നിര്‍ദേശം. കേരളത്തിനകത്തും പുറത്തുനിന്നും പ്രതിഷേധം അതിശക്തമായതോടെയാണ് മുഖ്യമന്ത്രി ഇടപെട്ടത്. പോലീസിന്റെ വീഴ്ചയാണ് മരണത്തിന് കാരണമായതെന്ന് മക്കടക്കം ആരോപണം ഉയര്‍ത്തിയിരുന്നു. കുട്ടികള്‍ക്ക് വീട് വെച്ച്‌ നല്‍കാനുള്ള നിര്‍ദേശവും മുഖ്യമന്ത്രി നല്‍കിട്ടുണ്ട്. എത്രയുംവേഗം അതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ ഭരണകൂടത്തെ ചുമതലപ്പെടുത്തി. കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് അടക്കമുള്ള ചെലവുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും. സംരക്ഷണമടക്കമുള്ളവ ഇനി സര്‍ക്കാര്‍ നോക്കും. മുഖ്യമന്ത്രി ഇതിനുള്ള നിര്‍ദേശവും ജില്ലാഭരണ കൂടത്തിന് നല്‍കിയിട്ടുണ്ട്. സംഭവത്തിന്റെ സാഹചര്യം സര്‍ക്കാര്‍ പരിശോധിക്കും. പോലീസ് നടപടിയില്‍ വീഴ്ച വന്നിട്ടുണ്ടോ എന്നതടക്കം സര്‍ക്കാര്‍ പരിശോധിക്കും.
അതേസമയം, വീടൊഴിപ്പിക്കുന്നതിനിടയില്‍ പെട്രോള്‍ ഒഴിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ച ദമ്ബതികള്‍ മരിച്ച സംഭവത്തില്‍ സാഹചര്യത്തിന് അനുസരിച്ച്‌ പെരുമാറാത്ത പോലീസുദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടെന്ന ആരോപണത്തെ കുറിച്ച്‌ വിശദമായി അന്വേഷിച്ച്‌ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്. തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് മേധാവിക്കാണ് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് നിര്‍ദ്ദേശം നല്‍കിയത്. നാലാഴ്ചക്കകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
കോടതി ഉത്തരവ് നടപ്പിലാക്കേണ്ടതാണെങ്കിലും ആത്മാഭിമാനത്തിന് പോറലേറ്റ ഒരു സാധാരണ പൗരനെ ആത്മഹത്യക്ക് തള്ളിവിടാതിരിക്കാന്‍ സ്ഥലത്തുണ്ടായിരുന്ന പോലീസുദ്യോഗസ്ഥര്‍ ശ്രമിക്കേണ്ടതായിരുന്നുവെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകയായ അശ്വതി ജ്വാല സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. നിയമപാലകരുടെ മുന്നില്‍ രണ്ട് ജീവനുകള്‍ ഇല്ലാതായ സംഭവം പോലീസിന്റെ ഭാഗത്ത് നിന്നുള്ള ഗുരുതര വീഴചയാണെന്നും പരാതിയിലുണ്ട്. സാഹചര്യം മനസിലാക്കാതെ പെരുമാറിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടു. ഇക്കാര്യങ്ങള്‍ വിശദമായി പരിശോധിക്കാനാണ് കമ്മീഷന്‍ ആവശ്യപ്പെട്ടത്.
അതിയന്നൂര്‍ പഞ്ചായത്തിലെ പോങ്ങില്‍ നെട്ടതോട്ടം ലക്ഷംവീട് കോളനിയില്‍ രാജന്‍, ഭാര്യ അമ്ബിളി എന്നിവരാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു ഇരുവരും. രാജന്‍ ഞായറാഴ്ച രാത്രിയും അമ്ബിളി തിങ്കളാഴ്ച രാത്രിയുമാണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സംഭവമുണ്ടായത്.