സിഎജി റിപ്പോര്‍ട്ടിനെക്കുറിച്ച്‌ സഭയ്ക്കുപുറത്ത് പറഞ്ഞത് അറിഞ്ഞുകൊണ്ട് തന്നെയെന്ന് ധനമന്ത്രി തോമസ് ഐസക്. സിഎജിയുടെ നിലപാട് ജനങ്ങള്‍ ചര്‍ച്ച ചെയ്യട്ടെ. അവകാശ ലംഘനം നടത്തിയിട്ടില്ലെന്നും ധനമന്ത്രി പറഞ്ഞു. സഭയില്‍വെക്കാത്ത റിപ്പോര്‍ട്ട് പരസ്യപ്പെടുത്തിയെന്ന അവകാശ ലംഘന പരാതിയില്‍ നിയമസഭാ എത്തിക്‌സ് കമ്മിറ്റ മുമ്ബാകെ മൊഴി നല്‍കിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിഎജി റിപ്പോര്‍ട്ടിനെതിരായ നിലപാടില്‍ മാറ്റമില്ല. സിഎജി ദിവസവും റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കുന്നുണ്ടായിരുന്നു. അതിനെ പ്രതിരോധിക്കുക മാത്രമാണ് ചെയ്തത്. ഇക്കാര്യം സമിതി മുന്നിലും വ്യക്തമാക്കിയിട്ടുണ്ട്. അതില്‍ അവകാശ ലംഘനത്തിന്റെ പ്രശ്‌നമില്ല. സമിതി എന്ത് നടപടിയെടുത്താലും അംഗീകരിക്കുമെന്നും തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു. ജനുവരി എട്ടിന് ആരംഭിക്കുന്ന നിയമസഭാ ബജറ്റ് സമ്മേളനത്തില്‍ എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ട് സഭയില്‍ വെച്ചേക്കും. സംസ്ഥാനത്ത് ആദ്യമായാണ് ഒരു മന്ത്രിയെ സമിതി വിളിച്ചു വരുത്തുന്നതെന്നതും ശ്രദ്ധേയമാണ്.
കിഫ്ബിക്കെതിരായ സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ക്കെതിരെ ധനമന്ത്രി ഉന്നയിച്ച വിമര്‍ശനങ്ങളാണ് വിവാദത്തിനു തുടക്കമിട്ടത്. റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്തു വെക്കുംമുമ്ബേ ധനമന്ത്രി ചോര്‍ത്തിയത് അവകാശലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം പരാതി ഉന്നയിച്ചത്.