മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി ഓര്‍ത്തഡോക്സ് സഭ. ഒത്തുതീര്‍പ്പുകള്‍ക്ക് സഭ വഴങ്ങുന്നില്ല എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന നിര്‍ഭാ​ഗ്യകരമെന്ന് ഓര്‍ത്തഡോക്സ് സഭ പ്രതികരിച്ചു. പ്രശ്നപരിഹാരത്തിനായി പലവട്ടം സഭ ചര്‍ച്ചകളില്‍ പങ്കാളികളായി. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചകളില്‍ എല്ലാം സഭ സഹകരിച്ചു. മുഖ്യമന്ത്രിയുടെ പരാമര്‍ശം നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും ഓര്‍ത്തഡോക്സ് സഭ വ്യക്തമാക്കി.
ചര്‍ച്ചയ്ക്ക് തയ്യാറായി എന്ന വസ്തുതയ്ക്ക് നേരെ മുഖ്യമന്ത്രി കണ്ണടച്ചത് നിര്‍ഭാഗ്യകരമാണ്. വിധി അംഗീകരിക്കുക അല്ലാതെ മറ്റ് പ്രശ്നപരിഹാരത്തിന് ശ്രമിക്കേണ്ടതില്ല എന്ന് സുപ്രിംകോടതി നിര്‍ദേശിച്ചിട്ടുണ്ട്. കോടതി വിധി നടപ്പാക്കാന്‍ ഉത്തരവാദിത്വമുള്ള മുഖ്യമന്ത്രി ഒരു വിഭാഗത്തിന്‍്റെ വക്താവാകുന്നത് ഖേദകരമാണ്. മുഖ്യമന്ത്രി പദവിക്ക് നിരക്കാത്ത പക്ഷപാതിത്വം കാണിക്കുകയാണ്. സഭാ തര്‍ക്കം നിലനിര്‍ത്തി ലാഭം കൊയ്യാനുള്ള ശ്രമം ഒറ്റക്കെട്ടായി ചെറുക്കുമെന്നും ഓര്‍ത്തഡോക്സ് സഭ കൂട്ടിച്ചേര്‍‌ത്തു.