ലഖ്‌നൗ: യുപിയിലെ രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിലടക്കം പത്ത് സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഇന്ന്. യുപിയിലെ അസംഗഡ്, രാംപൂര്‍ ലോക്‌സഭ മണ്ഡലങ്ങളിലേക്കും പഞ്ചാബിലെ സിംഗ്രൂര്‍ ലോക്‌സഭ മണ്ഡലത്തിലുമാണ് ഇന്ന് തിരഞ്ഞെടുപ്പാണ് നടക്കുന്നത്. രാവിലെ 7 മണിയോടെ വോട്ടിംഗ് ആരംഭിച്ചു.

അതേസമയം ത്രിപുര, ഡെല്‍ഹി, ആന്ധ്രാ പ്രദേശ്, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലാണ് നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. തൃപുരയിലെ ടൗണ്‍ ബര്‍ഡോ വാലിയില്‍ നിന്ന് ജനവിധി തേടുന്ന മുഖ്യമന്ത്രി മാണിക് സാഹയ്‌ക്ക് മുഖ്യമന്ത്രി സ്‌ഥാനത്ത് തുടരാന്‍ ഈ തിരഞ്ഞെടുപ്പ് നിര്‍ണായകമാണ്.

അഖിലേഷ് യാദവും അസംഖാനും രാജിവെച്ച ഒഴിവിലേക്കാണ് യുപിയില്‍ തിരഞ്ഞെടുപ്പ്. അഖിലേഷ് സ്‌ഥാനമൊഴിഞ്ഞ അസംഖഡില്‍ അദ്ദേഹത്തിന്റെ ബന്ധുവും നേരത്തെ മൂന്നുവട്ടം എംപിയുമായിരുന്ന ധര്‍മേന്ദ്ര യാദവാണ് സമാജ് വാദി പാര്‍ട്ടി സ്‌ഥാനാര്‍ത്ഥി. ഭോജ്‌പുരിയിലെ ജനപ്രിയ നടനും ഗായകനുമായ ദിനേശ് ലാല്‍ യാദവാണ് ബിജെപിക്ക് വേണ്ടി മല്‍സര രംഗത്തുള്ളത്.പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ എംപി സ്‌ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്നാണ് സിംഗ്രൂരില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.