കാബൂള്‍: കിഴക്കൻ അഫ്‌ഗാനിസ്ഥാനിലെ പക്തിക പ്രവിശ്യയിൽ ബുധനാഴ്‌ച രാവിലെയുണ്ടായ ഭൂകമ്പത്തിൽ മരണം 920 ആയി. അവശിഷ്‌ടങ്ങൾക്കിടയിൽ ഒട്ടേറെ പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും മരണസഖ്യ ഇനിയും ഉയർന്നേക്കാമെന്നും അധികൃതർ അറിയിച്ചു. 600ഓളം പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. റിക്‌ടർ സ്‌കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് പ്രദേശത്ത് റിപ്പോർട്ട് ചെയ്‌തത്.

പ്രദേശത്ത് ഹെലികോപ്‌ടർ ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മേഖലയിലേക്ക് രക്ഷാപ്രവര്‍ത്തക സംഘത്തെ അയയ്ക്കാന്‍ സന്നദ്ധ സംഘടനകളോട് അഫ്‌ഗാന്‍ സര്‍ക്കാർ അഭ്യര്‍ഥിച്ചിട്ടുണ്ട്. അതേസമയം പാകിസ്ഥാന്‍റെ തലസ്ഥാനമായ ഇസ്ലാമാബാദിലും കിഴക്കൻ പഞ്ചാബ് പ്രവിശ്യയിലും ഭൂചലനം അനുഭവപ്പെട്ടു.

2015-ൽ അഫ്‌ഗാനിസ്ഥാന്‍റെ വടക്കുകിഴക്കൻ മേഖലയിൽ ഉണ്ടായ വലിയ ഭൂകമ്പത്തിൽ രാജ്യത്തും വടക്കൻ പാകിസ്ഥാനിലുമായി 200-ലധികം പേർ കൊല്ലപ്പെട്ടിരുന്നു. 2002ൽ വടക്കൻ അഫ്‌ഗാനിസ്ഥാനിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ ആയിരത്തോളം പേർക്ക് ജീവന്‍ നഷ്‌ടമായിരുന്നു. 1998ൽ അഫ്‌ഗാന്‍റെ വടക്കുകിഴക്കൻ പ്രദേശത്ത് ഉണ്ടായ 6.1 തീവ്രത രേഖപ്പെടുത്തിയ ഭുകമ്പത്തിൽ 4500 ഓളം പേരും മരിച്ചിട്ടുണ്ട്.