കോവിഡ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയത്തോടെ വിമാന താവളങ്ങളില്‍ പരിശോധന ശക്തമാക്കുന്നു .. ബ്രിട്ടനില്‍നിന്നും യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നും വരുന്നവരെ പ്രത്യേകം പരിശോധിക്കാനും ക്വാറന്റീന്‍ ചെയ്യാനും സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിലും നടപടി സ്വീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു .
ബ്രിട്ടനില്‍ നിന്ന് എത്തിയവര്‍ ആര്‍.ടി പി.സി.ആര്‍ പരിശോധനയ്ക്ക് വിധേയരാകണം….ഇവിടങ്ങളില്‍നിന്നും കേരളത്തിലെത്തിയ 18 പേര്‍ കോവിഡ് പോസിറ്റീവാണ് എന്ന് പരിശോധനയില്‍ വ്യക്തമായ സാഹചര്യത്തിലാണ് നടപടി
ഇപ്പോള്‍ ഉള്ളത് വൈറസിന്റെ പുതിയ വകഭേദമാണോ എന്നറിയാന്‍ പുണെ ലാബിലേക്കു സാംപിള്‍ അയച്ചിട്ടുണ്ട്. ഫലം ചൊവ്വാഴ്ച വരുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. വൈറസിന്റെ പുതിയ വകഭേദത്തിനും ഇപ്പോഴുള്ള കോവിഡ് വൈറസിന്റെ ചികിത്സ തന്നെയാണെന്നു മന്ത്രി പറഞ്ഞു. എല്ലാ ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാര്‍ക്കും ഇതു സംബന്ധിച്ച നിര്‍ദേശം കൊടുത്തു. ആരോഗ്യ സെക്രട്ടറിയും യോഗങ്ങളില്‍ പങ്കെടുത്ത് നിര്‍ദേശം കൊടുക്കുന്നുണ്ട്.
കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന നിയന്ത്രണം മാത്രമേ കേരളത്തിലും നടപ്പിലാക്കാനാകൂ. ലോക്ഡൗണിലേക്ക് പോകാന്‍ കഴിയുന്ന സാഹചര്യമ ല്ല ഇപ്പോഴുള്ളത്. ജനങ്ങള്‍ സ്വയം നിയന്ത്രണം പാലിക്കണം. പ്രായമുള്ളവരും രോഗമുള്ളവരും വാക്സീന്‍ വിതരണം ആരംഭിക്കുന്നതുവരെ വീട്ടില്‍ കഴിയണം. പുതുവല്‍സരാഘോഷം വലിയ ആള്‍ക്കൂട്ടമായി നടത്തരുതെന്നും മന്ത്രി അഭ്യര്‍ഥിച്ചു.
ലോകാരോഗ്യസംഘടനയില്‍ കോവിഡ് വൈറസിന്‍റെ സാന്നിധ്യം ചൈന റിപ്പോര്‍ട്ട് ചെയ്തതിന്‍റെ ഒന്നാം വാര്‍ഷികത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് അതിവേഗം പടരുന്ന വൈറസിന്‍റെ വകഭേദം ബ്രിട്ടനില്‍ കണ്ടെത്തിയത്. ഈ വിവരം ഇംഗ്ലണ്ട് ലോകാരോഗ്യസംഘടനയെ അറിയിച്ചതോടെ ലോകരാജ്യങ്ങള്‍ അതീവജാഗ്രതയിലായി.
നിലവിലുള്ളതിനെക്കാള്‍ 70 ശതമാനം കൂടതല്‍ വ്യാപനനിരക്കുള്ളതും കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടുള്ളതുമാണ് പുതിയ വൈറസ്. വൈറസ് വകഭേദം കണ്ടെത്തിയ ലണ്ടനിലും തെക്കുകിഴക്കന്‍ ഇംഗ്ലണ്ടിലും വീടിന് പുറത്തിറങ്ങുന്നത് വിലക്കി. അതീവ ജാഗ്രത പ്രഖ്യാപിച്ചു.
ബ്രിട്ടനില്‍നിന്നുള്ള വിമാനസര്‍വീസുകള്‍ ബല്‍ജിയം, നെതര്‍ലന്‍ഡ്സ്, ഇറ്റലി. ജര്‍മനി, ഫ്രാന്‍സ് തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങള്‍ റദ്ദാക്കി. സൗദി കര, വ്യോമ, നാവിക അതിര്‍ത്തികള്‍ അടച്ചു. വൈറസിന്‍റെ വകഭേദം കണ്ടെത്തിയ സിഡ്നി നഗരവും പൂര്‍ണമായി അടച്ചു.
സിഡ്നിയില്‍നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കിയതിന് പുറമെ റോഡ് ഗതാഗതവും നിരോധിച്ചു.