ദുബൈ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂൺ 28ന് യു.എ.ഇ സന്ദർശിക്കും. ജർമനിയിൽ നടക്കുന്ന ജി 7 ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം അവിടെ നിന്ന് നേരെ യു.എ.ഇയിലെത്തുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
യു.എ.ഇ പ്രസിഡന്റായിരുന്ന ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാന്റെ വിയോഗത്തിൽ അനുശോചനം അർപ്പിക്കുന്നതിനൊപ്പം പുതിയ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനെ അഭിനന്ദിക്കുകയും ചെയ്യും.
ജൂൺ 28ന് തന്നെ മോദി യു.എ.ഇയിൽ നിന്ന് മടങ്ങും. ഇന്ത്യ-യു.എ.ഇ സമഗ്ര സാമ്പത്തിക സഹകരണ കരാർ യാഥാർഥ്യമായ സാഹചര്യത്തിൽ പ്രധാനമന്ത്രിയുടെ സന്ദർശനം പ്രതീക്ഷയോടെയാണ് പ്രവാസലോകം കാണുന്നത്.
നാലാം തവണയാണ് മോദി യു.എ.ഇ സന്ദർശിക്കുന്നത്. 2015, 2018, 2019 വർഷങ്ങളിലും അദ്ദേഹം എത്തിയിരുന്നു. ജനുവരിയിൽ ദുബൈ എക്സ്പോ സന്ദർശിക്കാൻ പ്രധാനമന്ത്രി യു.എ.ഇയിൽ എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ, ഒമിക്രോൺ വകഭേദം വ്യാപകമായതിനെ തുടർന്ന് യാത്ര മാറ്റിവെക്കുകയായിരുന്നു.