ഏലച്ചെടിയുടെ താഴെ വേരിനോട് ചേര്‍ന്നാണ് ഏലയ്ക്കായ ഉണ്ടാകുന്നതെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ കഴിഞ്ഞ ദിവസം യുവനടി എസ്തര്‍ അനിലിന്റെ വയനാട്ടിലെ വീട്ടില്‍ നട്ട ഏലച്ചെടിയില്‍ ഏലയ്ക്ക കായ്ച്ചത് പതിവ് തെറ്റിച്ചാണ്. ഇലയുടെ അഗ്രഭാഗത്തായി തണ്ടിലാണ് ഏലയ്ക്കകളുണ്ടായത്.

കേരളത്തില്‍ കൊവിഡ് പ്രതിരോധത്തിനായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ വിരസത അകറ്റാനാണ് താരത്തിന്റെ അച്ഛന്‍ അനില്‍ വീട്ടില്‍ ഏലകൃഷി തുടങ്ങിയത്. വയനാട് വീട്ടില്‍ 300 ഏലത്തൈകളാണ് നട്ടുപിടിപ്പിച്ചത്. സഹായത്തിനായി അച്ഛനൊപ്പം മകനും കൂടി.

ഈ വിധത്തില്‍ അപൂര്‍വമായി തണ്ടില്‍ ഏലയ്ക്ക കായ്ച്ചത് എങ്ങനെയെന്ന് തനിക്കുമറിയില്ലെന്ന് അനില്‍ പറയുന്നു. തണ്ടിന്റെ അഗ്രത്തായി പൂക്കള്‍ വന്നപ്പോള്‍ ഇതാരോ കൃത്രിമമായി അവിടെ വച്ചതാണോ എന്ന് പോലും സംശയിച്ചു. പക്ഷേ കുറച്ച് നാളുകള്‍ക്ക് ശേഷം കായ്കള്‍ വന്നപ്പോഴാണ് അങ്ങനെയല്ലെന്ന് മനസിലായത്. ഈ ചിത്രങ്ങള്‍ വയനാട്ടിലെ ചില ഏലം കര്‍ഷകരുമായി പങ്കുവച്ചപ്പോള്‍ ഇത് വളരെ അപൂര്‍വമായ സംഭവമാണെന്ന് അവര്‍ പറഞ്ഞെന്നും അനില്‍ പറഞ്ഞു.