അർജൻ്റീനയുടെ മുൻ സ്ട്രൈക്കർ കാർലോസ് ടെവസ് പരിശീലക റോളിലേക്ക്. അർജൻ്റൈൻ ക്ലബായ റൊസാരിയോ സെൻട്രലിനെയാണ് ടെവസ് പരിശീലിപ്പിക്കുക. താരവുമായി ഒരു വർഷത്തെ കരാറിൽ എത്തിയതായി ക്ലബ് അറിയിച്ചു. ഈ മാസാരംഭത്തിലാണ് 38 കാരനായ ടെവസ് കരിയർ അവസാനിപ്പിച്ചത്. 2001ൽ അർജൻ്റൈൻ ക്ലബായ ബൊക്ക ജൂനിയേഴ്സിനായി കളിച്ച് കരിയർ ആരംഭിച്ച താരം 2018 മുതൽ വീണ്ടും ബൊക്ക ജൂനിയേഴ്സിലെത്തിയിരുന്നു. ഇവിടെ നിന്നാണ് താരം വിരമിച്ചത്.

തുടർന്നും കളിക്കാന്‍ അവസരങ്ങള്‍ ലഭിക്കുന്നുണ്ടെങ്കിലും, കുടുംബത്തിനൊപ്പം സമയം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് 38 കാരൻ അറിയിച്ചു. തന്റെ ഉള്ളിലുള്ള പ്രതിഭ മുഴുവന്‍ ഫുട്‌ബോളിന് നല്‍കി കഴിഞ്ഞു. ഇനി ഒന്നും നല്‍കാനില്ലെന്നും താരം വ്യക്തമാക്കി. അര്‍ജന്റീനയ്ക്കായി മിന്നും പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള ടെവസ് യൂറോപ്പിലെ വമ്പന്‍ ക്ലബുകളുടെ മുന്നേറ്റങ്ങളിലും നിറഞ്ഞു നിന്നു.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കരുത്തന്‍മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, മാഞ്ചസ്റ്റര്‍ സിറ്റി, ഇറ്റാലിയന്‍ മുന്‍ ചാമ്പ്യന്‍മാരായ യുവന്റസ്, അര്‍ജന്റീന ക്ലബ് കൊറിന്ത്യന്‍സ് ടീമുകള്‍ക്കായും താരം ബൂട്ടണിഞ്ഞു. ബൊക്ക ജൂനിയേഴ്‌സിനൊപ്പം 11 കിരീടങ്ങള്‍ നേടിയിട്ടുണ്ട്. ബൊക്ക ജൂനിയേഴ്‌സിലൂടെ കരിയര്‍ തുടങ്ങി ആ ക്ലബില്‍ തന്നെ കരിയര്‍ അവസാനിപ്പിക്കാന്‍ ടെവസിനായി.