പരമ്പരയിലെ നാലാം ഏകദിനത്തില്‍ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തി ശ്രീലങ്ക. ശ്രീലങ്ക ഉയര്‍ത്തിയ 259 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്‌ട്രേലിയ 254 റണ്‍സിന് ഓള്‍ ഔട്ടായി. ഇതോടെ ജയത്തോടെ പരമ്പരയില്‍ ശ്രീലങ്ക 3-1ന് മുന്നിലെത്തി. ഇത് 30 വര്‍ഷത്തിന് ശേഷമാണ് ഓസ്‌ട്രേലിയയെ കീഴടക്കി ശ്രീലങ്ക പരമ്പര സ്വന്തമാക്കുന്നത്.

ശ്രീലങ്കയുടെ ദസുന്‍ ഷനക എറിഞ്ഞ അവസാന ഓവറില്‍ ഒരു വിക്കറ്റ് മാത്രം കൈയിലിരിക്കെ ഓസീസിന് 19 റണ്‍സ് ജയിക്കാന്‍ വേണ്ടിയിരുന്നു. ആദ്യ പന്തില്‍ റണ്‍സെടുക്കാനാകാത്ത കുനെമാന്‍ രണ്ടാം പന്ത് ബൗണ്ടറി കടത്തി. മൂന്നാം പന്തില്‍ രണ്ട് റണ്‍സ്. നാലും അഞ്ചും ബൗണ്ടറി കടത്തി. രണ്ട് പന്തില്‍ 9 റണ്‍സ് ജയിക്കാന്‍ ഓസ്‌ട്രേലിയക്ക് വേണമെന്നിരിക്കെ അവസാന പന്തില്‍ സിക്‌സിന് ശ്രമിച്ച കുനെമാനെ അസലങ്ക കൈയിലൊതുക്കിയതോടെ ശ്രീലങ്ക പരമ്പര നേടി.