കർണാടകയിൽ കോളജ് പ്രിൻസിപ്പലിനെ ജെഡിഎസ് എംഎൽഎ കരണത്തടിച്ചു. കംപ്യൂട്ടർ ലാബിന്റെ വികസന പ്രവർത്തനങ്ങളെക്കുറിച്ച് വ്യക്തമായ ഉത്തരം നൽകിയില്ലെന്ന് ആരോപിച്ചാണ് മർദ്ദനം. ജൂൺ 20ന് മാണ്ഡ്യയിൽ നടന്ന സംഭവത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. എംഎൽഎയ്‌ക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നു കഴിഞ്ഞു.

മാണ്ഡ്യ എംഎൽഎ എം. ശ്രീനിവാസാണ് നൽവാടി കൃഷ്ണരാജ വെടിയാർ ഐടിഐ കോളജ് പ്രിൻസിപ്പലിനെ മർദിച്ചത്. സ്ത്രീയുൾപ്പെടെയുള്ള സഹപ്രവർത്തകരുടെയും പ്രാദേശിക രാഷ്ട്രീയക്കാരുടെയും മുന്നിൽ വച്ചാണ് ജെഡി(എസ്) എംഎൽഎ രണ്ടുതവണ തല്ലുകയും ശകാരിക്കുകയും ചെയ്തത്. നവീകരിച്ച ഐടിഐ കോളജിന്റെ ഉദ്ഘാടന വേളയിൽ, ലബോറട്ടറിയിലെ പ്രവൃത്തിയെക്കുറിച്ച് പ്രിൻസിപ്പൽ നാഗാനന്ദ് അറിയിക്കാതിരുന്നതാണ് പ്രകോപന കാരണമെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.

എംഎൽഎയെ മറ്റുള്ളവർ ചേർന്ന് സമാധാനിപ്പിക്കാൻ ശ്രമിക്കുന്നത് വിഡിയോയിൽ കാണാം. ഇക്കാര്യം ജില്ലാ കമ്മീഷണറുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് സർക്കാർ ജീവനക്കാരുടെ യൂണിയൻ മാണ്ഡ്യ ജില്ലാ പ്രസിഡന്റ് ശംഭുഗൗഡ അറിയിച്ചു. പ്രിൻസിപ്പലിന് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് ഗൗഡ അസോസിയേഷൻ അടിയന്തര യോഗം വിളിച്ച് അന്വേഷണം നടത്തുകയും ചെയ്തു. പ്രിൻസിപ്പൽ നാഗാനന്ദിനെ കണ്ട് സംഭവത്തിന്റെ വിശദാംശങ്ങൾ അറിയുകയും പൂർണ്ണ പിന്തുണ ഉറപ്പ് നൽകുകയും ചെയ്തു.