മസ്കത്ത്: ഖരീഫ് സീസണ് പ്രമാണിച്ച് ഒമാന്‍ എയര്‍ മസ്കത്ത്-സലാല റൂട്ടില്‍ സര്‍വിസ് വര്‍ധിപ്പിച്ചു. ജൂണ്‍ 23 മുതല്‍ സെപ്റ്റംബര്‍ 11 വരെ ആഴ്ചയില്‍ 112 സര്‍വിസാണ് ഈ സെക്ടറില്‍ ഒമാന്‍ എയര്‍ നടത്തുക. സാധാരണ മസ്കത്ത് സലാല റൂട്ടില്‍ ചെറിയ വിമാനങ്ങളാണ് സര്‍വിസ് നടത്താറുള്ളത്. എന്നാല്‍ പുതിയ ഷെഡ്യൂളില്‍ വലിയ വിമാനങ്ങളാണ് ഉള്‍പ്പെടുത്തിയത്.
ഇതില്‍ ബോയിങ് 787 ഡ്രീംലൈനര്‍, എയര്‍ബസ് എ330, ബോയിങ് 737 എന്നീ വിമാനങ്ങളും ഉള്‍പ്പെടും. ഇരു ഭാഗങ്ങളിലേക്കും ദിവസവും എട്ട് വിമാന സര്‍വിസാണുള്ളത്. സൗകര്യപ്രദമായ സമയക്രമവും കണക്ഷന് വിമാനങ്ങളുടെ ലഭ്യതയും കൂടി കണക്കിലെടുത്താണ് സര്‍വിസ് ഷെഡ്യൂള്‍ ചെയ്തത്.മസ്കത്തില്‍നിന്ന് സലാലയിലേക്കുള്ള ആദ്യ വിമാനം ദിവസവും പുലര്‍ച്ച 02.05 നാണ് പുറപ്പെടുന്നത്. അവസാന വിമാനം രാത്രി 8.20 നാണ്. സലാലയില്‍നിന്ന് മസ്കത്തിലേക്കുള്ള ആദ്യ വിമാനം പുലര്‍ച്ച 4.50ന് പുറപ്പെടും. ഇവിടെനിന്നുള്ള അവസാന വിമാനം രാത്രി 10.45 നാണ്. സമയത്തില്‍ മാറ്റം വരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ഈ വര്‍ഷം ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് സലാലയിലേക്കുള്ള വിനോദ സഞ്ചാരികള്‍ വര്‍ധിക്കുമെന്ന് ഒമാന്‍ എയര്‍ അധികൃതര്‍ പറഞ്ഞു. സലാലയിലെ ഹരിതഭംഗി നിറഞ്ഞ മലനിരകളും തണുത്ത ചാറ്റല്‍ മഴയും അതിമനോഹര പ്രകൃതിഭംഗിയും ഗള്‍ഫ് രാജ്യങ്ങളിലെ കൊടും ചൂടില്‍നിന്ന് രക്ഷപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വലിയ ആകര്‍ഷകമാണ്. വര്‍ഷം കഴിയും തോറും സലാല നഗരത്തിന്റെയും അനുബന്ധ സ്ഥലങ്ങളിലെയും മനോഹാരിത ആസ്വദിക്കാനെത്തുന്നവരുടെ എണ്ണം ഗണ്യമായി വര്‍ധിക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി. ഒമാന്‍ എയര്‍ ഹോളിഡേയ്സ് വിവിധ തരം സലാല പാക്കേജുകളും പ്രഖ്യാപിച്ചു. സന്ദര്‍ശകര്‍ക്ക് സലാലക്ക് ചുറ്റമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങര് സന്ദര്‍ശിക്കാന്‍ കഴിയുന്ന രീതിയിലാണ് പാക്കേജുകള്‍.