എറണാകുളം: നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡ് പരിശോധിക്കണം എന്ന് ആവശ്യപ്പെട്ടുള്ള ക്രൈം ബ്രാഞ്ചിന്‍റെ ഹർജിയിൽ സർക്കാറിന് ഹൈക്കോടതിയുടെ വിമർശനം. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാർഡ് പരിശോധിക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നൽകിയ ഹർജിയിലാണ് ഹാഷ് വാല്യൂ മാറിയത് സംബന്ധിച്ച് ഹൈക്കോടതി വിമർശന സ്വരത്തിൽ ചില സംശയങ്ങൾ ഉന്നയിച്ചത്.

മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യു മാറിയിട്ടുണ്ട്. പക്ഷേ ദൃശ്യങ്ങൾ അടങ്ങിയ ക്ലിപ്പിങ്ങുകളുടെ ഹാഷ് വാല്യു മാറിയിട്ടില്ല. പിന്നെ എങ്ങനെ ദൃശ്യം ചോർന്നെന്ന് പറയാനാകുമെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് പ്രോസിക്യൂഷനോട് കോടതി ചോദിച്ചു.കൂടാതെ ഈ വിഷയത്തിൽ വിചാരണ കോടതിയെ ആക്രമിക്കുന്നത് നോക്കി നിൽക്കാനാകില്ല. വിചാരണ വൈകിപ്പിക്കാനാണോ ശ്രമമെന്നും ഹൈക്കോടതി ആരാഞ്ഞു. എന്നാല്‍ മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യു മാറിയ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെടാൻ അവകാശമുണ്ടെന്നും, രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ പരിശോധന പൂർത്തിയാകുമെന്നുമായിരുന്നു പ്രോസിക്യൂഷൻ നിലപാട്.

മെമ്മറി കാർഡിലെ ദൃശ്യങ്ങൾ ആര് ചോർത്തിയെന്ന് അറിയണമെന്ന് അതിജീവിത കോടതിയിൽ ആവശ്യപ്പെട്ടു. കോടതിയുടെ കസ്റ്റഡിയിൽ ഇരിക്കെ മെമ്മറി കാർഡ് പരിശോധിക്കപ്പെട്ടു. ഇതിൽ അന്വേഷണം വേണം. ദൃശ്യങ്ങൾ മറ്റുള്ളവർ കണ്ടു എന്ന് സാക്ഷിമൊഴിയുണ്ട്. തന്റെ സ്വകാര്യത നഷ്ടപ്പെട്ടുവെന്നും അതിജീവിത കോടതിയെ ബോധിപ്പിച്ചു. എന്നാൽ ഇക്കാര്യത്തിൽ ആശങ്ക വേണ്ടെന്ന് കോടതി പറഞ്ഞു.അതിനിടെ ക്രൈംബ്രാഞ്ച് ഹർജിയിൽ കക്ഷി ചേർന്ന ദിലീപ് മെമ്മറി കാർഡ് പരിശോധിക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യത്തെ തുറന്നെതിർത്തു. തുടരന്വേഷണവും വിചാരണയും വൈകിപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമമെന്നും രണ്ട് തവണ റിപ്പോർട്ട് പരിശോധിച്ച സാഹചര്യത്തിൽ വീണ്ടും ഫോറൻസിക് പരിശോധന അനുവദിക്കാനാകില്ലെന്നും ദിലീപ് നിലപാടെടുത്തു. തുടർന്ന് വിശദവാദത്തിനായി ഹർജി ഹൈക്കോടതി നാളത്തേക്ക് മാറ്റി.