രാജ്യത്ത് ഇന്ന് കൊവിഡ് രോഗബാധിതരിൽ നേരിയ കുറവ് രേഖപെടുത്തി. ഇന്ന് 12,899 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 15 പേർ മരിച്ചു. എന്നാൽ രോഗമുക്തി നിരക്ക് 98.62 ശതമാനമായി താഴ്ന്നു. കേരളമടക്കമുള്ള 5 സംസ്ഥാനങ്ങളിൽ രോഗബാധിതരുടെ എണ്ണം ദിനംപ്രതി ഉയരുകയാണ്. നിലവിലെ രോഗവ്യാപനത്തിന് കാരണം ഒമിക്രോണിന്റെ ഉപവകഭേദങ്ങളാണെന്നും ജനങ്ങൾ ജാഗ്രത പാലിക്കണം എന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

രാജ്യത്ത് രോഗവ്യാപനം ഉയരുന്നതിനിടെ ഭാരത് ബയോടെക്കിന്റെ മൂക്കിൽ ഒഴിക്കുന്ന വാക്‌സിൻ മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണം പൂർത്തിയായി. ഈ വർഷം ജനുവരിയിലാണ് മൂന്നാംഘട്ട പരീക്ഷണം നടത്താൻ ഡി സി ജി ഐ അനുമതി നൽകിയത്. അടുത്തമാസം പരീക്ഷണഫലം ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യക്ക് കമ്പനി സമർപ്പിക്കും .അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ചാൽ മൂക്കിൽ കൂടെ നൽകാൻ ആകുന്ന ലോകത്തെ തന്നെ ആദ്യത്തെ വാക്‌സിൻ ആകും ഭാരത് ബയോടെക്കിന്റേത്.ഡൽഹി എയിംസ് അടക്കം അഞ്ചിടങ്ങളിൽ 900 പേരിലാണ് പരീക്ഷണം നടത്തിയത്.