കോഴിക്കോട്: കോഴിക്കോട്  നിരവധി മോഷണക്കേസിലെ പ്രതിയായ അന്തര്‍ സംസ്ഥാന മോഷ്ടാവ് പിടിയില്‍. നടക്കാവ് പൊറ്റങ്ങാടിയില്‍ വീട്ടില്‍ നിന്നും സ്വര്‍ണ്ണവും പണവും മോഷ്ടിച്ച കേസിലാണ് പ്രതി പിടിയിലായത്.  തിരുവല്ല ആഞ്ഞിലത്താനം പരുത്തിക്കാട് മണ്ണിൽ,  സന്ധ്യഭവനം സന്തോഷ് എന്ന ഹസ്സൻ സന്തോഷിനെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്.

നടക്കാവ് പൊറ്റങ്ങാടി റോഡിലെ മറിയാബിയുടെ വീടിൻ്റെ ജനൽ അഴികൾ തകർത്ത് അകത്ത് കയറി, സ്റ്റീൽ അലമാര കുത്തിപ്പൊളിച്ച് ലോക്കറിൽ സൂക്ഷിച്ച സ്വർണ്ണവും, 25000 രൂപയും കവർന്ന കേസിലാണ് അറസ്റ്റ്.  കൊല്ലം, ചെങ്ങന്നൂർ, തിരുവല്ല, മാവേലിക്കര ഷൊർണ്ണൂർ, പയ്യന്നൂർ തുടങ്ങി കേരളത്തിൻ്റെ പല ഭാഗങ്ങളിലും കടകൾ കുത്തിതുറന്നും, ആരാധനാലയങ്ങളിലെ കാണിക്ക വഞ്ചി തകർത്തും പണവും സ്വർണ്ണവും കവർന്ന കേസിലെ പ്രതിയാണ് ഇയാളെന്ന് പൊലീസ് അറിയിച്ചു.

പോൾ മുത്തൂറ്റ് വധക്കേസിൽ പതിനാറാം പ്രതിയായിരുന്നു സന്തോഷ്. കേസില്‍  മൂന്ന് വർഷം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഒന്നര വർഷമായി കോഴിക്കോടിൻ്റെ പല ഭാഗങ്ങളിൽ ഒളിച്ച് താമസിക്കുന്ന ഇയാൾ നഗരത്തിൽ നടന്ന പല മോഷണക്കേസുകളിലും ഉൾപ്പെട്ടതായി സംശയമുണ്ട്. ജൂൺ രണ്ടിന് രാത്രി നടത്തിയ കളവിന് ശേഷം നഗരത്തിൽ പല വേഷങ്ങളിൽ ഒളിച്ച് താമസിച്ച് വന്ന പ്രതിയെ സി.സി.ടി വി കളുടെയും സൈബർ സെല്ലിൻ്റെയും സഹായത്താൽ നടക്കാവ് ഇൻസ്പെക്ടറായ അലവി.സി. യുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ കൈലാസ് നാഥ് എസ്.ബി, ശ്രീഹരി, എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.