അന്തരിച്ച ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാന്റെ അവസാന ചിത്രം റിലീസിനൊരുങ്ങുന്നു. അനൂപ് സിങ് സംവിധാനം ചെയ്ത ഇര്‍ഫാന്‍ ഖാന്‍ ചിത്രം ദി സോങ് ഓഫ് സ്‌കോര്‍പിയന്‍സ് ആണ് റിലീസിനൊരുങ്ങുന്നത്. ചിത്രം അടുത്ത വര്‍ഷം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുമെന്ന് ബോളിവുഡ് ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് അറിയിച്ചു. ട്വിറ്റര്‍ ഹാന്‍ഡിലൂടെയാണ് തരണ്‍ ഇക്കാര്യം അറിയിച്ചത്.

2017ല്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ നടന്ന 70-ാമത് ലൊകാര്‍ണോ ചലച്ചിത്രോത്സവത്തില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നെങ്കിലും ചിത്രം ഇതുവരെയും തിയറ്ററിലെത്തിയിരുന്നില്ല.

രാജസ്ഥാന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തില്‍ ഇറാനിയന്‍ നടി ഗോള്‍ഷിഫീത് ഫര്‍ഹാനി ആണ് നായികാ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.

2020 ഏപ്രില്‍ മാസത്തിലാണ് സിനിമാ ലോകത്തെ കണ്ണീരിലാഴ്ത്തി ഇര്‍ഫാന്‍ ഖാന്‍ വിടപറഞ്ഞത്. വന്‍കുടലിലെ അണുബാധയെത്തുടര്‍ന്ന് മുംബൈയിലെ കോകിലാബെന്‍ ധിരുഭായ് അംബാനി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരിക്കെയായിരുന്നു അന്ത്യം.