ബെയ്ജിംഗ് :വുഹാനിലെ കൊറോണ രോഗികളുടെ ദുരിതം റിപ്പോര്‍ട്ട് ചെയ്ത മാദ്ധ്യമപ്രവര്‍ത്തകയ്ക്ക് നാല് വര്‍ഷം തടവ് ശിക്ഷ വിധിച്ച്‌ ഷാങ്ഹായ് കോടതി.
ചൈനീസ് സര്‍ക്കാരിന്റെ തടങ്കലിലായിരുന്ന മുന്‍ അഭിഭാഷക ഷാങ് ഷാനിനാണ് കോടതി ശിക്ഷ വിധിച്ചത്. രാജ്യത്ത് അസ്വസ്ഥത സൃഷ്ടിക്കാന്‍ ശ്രമിച്ചു എന്ന കുറ്റം ചുമത്തി ജൂണിലാണ് ഇവരെ അറസ്റ്റ് ചെയ്തിരുന്നത്. അതിന് മുന്‍പ് അനധികൃതമായി തടങ്കലില്‍ വയ്ക്കുകയായിരുന്നു.

ഷാങ് ഷാന്‍ വ്യാജ പ്രചരണം നടത്തിയെന്നും രാജ്യത്തെ സമാധാന നില തകര്‍ക്കാന്‍ ശ്രമിച്ചുവെന്നും ആരോപിച്ചാണ് കോടതി ശിക്ഷ വിധിച്ചത്. എന്നാല്‍ കേസിന്റെ വിചാരണ ശരിയായ രീതിയില്ല നടന്നെതെന്ന് ഷാങിന്റെ അഭിഭാഷകയായ ഷാങ് കെകെ അറിയിച്ചു. എന്ത് കുറ്റം ചുമത്തിയാണ് ഷാങിനെ ജയിലില്‍ അടയ്ക്കുന്നത് എന്നതില്‍ പോലും വ്യക്തത വന്നിട്ടില്ലെന്നും കെകെ കൂട്ടിച്ചേര്‍ത്തു.

അതേസമയം കൊറോണ വ്യാപനം തടയാന്‍ സാധിച്ചതില്‍ ചൈന സ്വയം അനുമോദനം നടത്തി. മറ്റ് രാജ്യങ്ങളിലെ രോഗബാധിതരേക്കാള്‍ വളരെ കുറവാണ് ചൈനയിലെ രോഗികളുടെ എണ്ണം എന്നാണ് ചൈനീസ് ഭരണകൂടത്തിന്റെ നിരീക്ഷണം.

കഴിഞ്ഞ ഫെബ്രുവരിയിലാണ് വുഹാനിലെ കൊറോണ രോഗികള്‍ അനുഭവിക്കുന്ന ദുരിതം ഷാങ് റിപ്പോര്‍ട്ട് ചെയ്തത്. പൊതുജനങ്ങള്‍ കഷ്ടപ്പെടുന്ന റിപ്പോര്‍ട്ടുകള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഈ സംഭവത്തിന്റെ അടിസ്ഥാനത്തിലാണ് ചൈന സര്‍ക്കാര്‍ ഷാങിനെ തടങ്കലില്‍ വച്ചത്. രാജ്യത്തെ കൊറോണ വ്യാപനത്തെക്കുറിച്ച്‌ റിപ്പോര്‍ട്ട് ചെയ്ത മറ്റ് മൂന്ന് മാദ്ധ്യമപ്രവര്‍ത്തകരെ ചൈനീസ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വുഹാനിലെ കൊറോണ വ്യാപനത്തെക്കുറിച്ച്‌ റിപ്പോര്‍ട്ടുകള്‍ നല്‍കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്.