ഭോപ്പാല്‍: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ നടന്ന് 14 മാസത്തിനു ശേഷം സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് പെണ്‍കുട്ടിയുടെ പിതാവിന്റെ സുഹൃത്ത് അറസ്റ്റിലായി. ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തിയാണ് പെണ്‍കുട്ടിയുടെ പിതാവിന്റെ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കപില്‍ ലാല്‍വാനി എന്ന 28കാരനെയാണ് അറസ്റ്റ് ചെയ്തത്.

പച്ചക്കറി വില്‍ക്കുന്നയാളാണ് കപില്‍ ലാല്‍വാനി. 4 വര്‍ഷം മുമ്ബാണ് പെണ്‍കുട്ടിയുടെ പിതാവുമായി ഇയാള്‍ സൗഹൃദത്തിലായത്. തുടര്‍ന്ന് ഇയാള്‍ ഇവരുടെ വീട്ടിലേക്ക് പേയിംഗ് ഗസ്റ്റ് ആയി താമസം തുടങ്ങി. ‘പതിനെട്ടുകാരിയായ പെണ്‍കുട്ടിയില്‍ ഇയാള്‍ക്ക് ഒരു കണ്ണുണ്ടായിരുന്നെന്ന്’ – പൊലീസ് പറഞ്ഞു. 2019 ഒക്ടോബര്‍ 20നാണ് യുവതി വിഷം കഴിച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രണ്ടു ദിവസങ്ങള്‍ക്ക് ശേഷം സിറ്റി ആശുപത്രിയില്‍ വച്ച്‌ കുട്ടി മരിച്ചു.

പെണ്‍കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് കുട്ടിയുടെ ബന്ധുക്കള്‍ നല്‍കിയ മൊഴിയില്‍ പ്രതിയുടെ പേരും പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളും പെണ്‍കുട്ടിയും തമ്മില്‍ ബന്ധമുണ്ടായിരുന്നെന്നും പെണ്‍കുട്ടിയെ ഇയാള്‍ ചതിച്ചെന്നും പൊലീസ് വ്യക്തമാക്കി. ഇയാള്‍ വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണെന്ന് മനസിലാക്കിയ പെണ്‍കുട്ടി ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. മംഗല്‍വാര പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്‌.ഒ സന്ദീപ് പവാര്‍ പറഞ്ഞു. മരിച്ച പെണ്‍കുട്ടിയുമായി തനിക്ക് ബന്ധമുണ്ടായിരുന്നതായി പ്രതി സമ്മതിച്ചു.