ന്യൂഡല്‍ഹി: നൂറാമത്തെ കിസാന്‍ റെയില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. മഹാരാഷ്ട്രയിലെ സംഗോളയില്‍ നിന്നും പശ്ചിമ ബംഗാളിലെ ഷാലിമാറിലേയ്ക്കുള്ള കിസാന്‍ റെയില്‍ പദ്ധതിയാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്.ചടങ്ങില്‍ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍, കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ എന്നിവര്‍ പങ്കെടുത്തു.

കര്‍ഷക ശാക്തീകരണത്തിനും അവരുടെ സമ്ബാദ്യം വര്‍ധിപ്പിക്കാനുമുള്ള വലിയ ചുവടുവെയ്പ്പാണ് കിസാന്‍ റെയില്‍ എന്ന് പദ്ധതി ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു. കൊറോണ പ്രതിസന്ധികളെയെല്ലാം തരണം ചെയ്താണ് പദ്ധതി പൂര്‍ത്തിയാക്കിയതെന്ന് പറഞ്ഞ അദ്ദേഹം രാജ്യത്തെ കോടിക്കണക്കിന് കര്‍ഷകര്‍ക്ക് നന്ദി പറയുകയും ചെയ്തു.

ഓഗസ്റ്റ് 7നാണ് കിസാന്‍ റെയിലിന്റെ ആദ്യ സര്‍വീസിന് കേന്ദ്ര കൃഷിമന്ത്രി തുടക്കം കുറിച്ചത്. ദെവ്ലാലിയില്‍ നിന്നും ധനാപൂരിലേക്കായിരുന്നു സര്‍വ്വീസ്. പിന്നീട് ആവശ്യം കണക്കിലെടുത്ത് മുസാഫര്‍പൂര്‍ വരെ സര്‍വ്വീസ് നീട്ടുകയായിരുന്നു. പദ്ധതിയുടെ ആരംഭത്തിന് ശേഷം ഇതുവരെ 27,000 ടണ്‍ ഭക്ഷവസ്തുക്കളാണ് രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ എത്തിയത്. പഴ, പച്ചക്കറി വര്‍ഗങ്ങളുടെ ചരക്ക് നീക്കത്തിന് കേന്ദ്രസര്‍ക്കാര്‍ 50 ശതമാനം സബ്‌സിഡിയും നല്‍കുന്നുണ്ട്