ന്യൂഡല്‍ഹി : രാജ്യത്തെ ആദ്യത്തെ ഡ്രൈവറില്ലാ തീവണ്ടിയായ ഡല്‍ഹി മെട്രോയുടെ മജന്ത ലൈനില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉദ്ഘാടനം ചെയ്യും . ജനക്പുരി മുതല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ വരെയുള്ള 37 കിലോമീറ്റര്‍ പാതയിലാണ് ഡ്രൈവറില്ലാ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നത് . ഇതോടെ ലോകത്തെ ഡ്രൈവറില്ലാ മെട്രോ ശൃംഖലയുടെ ഏഴുശതമാനം ഡി.എം.ആര്‍.സി.യുടേതാകും .

ഡി.എം.ആര്‍.സി.യുടെ മൂന്ന് കമാന്‍ഡ് സെന്ററുകളില്‍നിന്നാണ് ഡ്രൈവറില്ലാ ട്രെയിനുകളുടെ പൂര്‍ണ നിയന്ത്രണം . ആറുമാസത്തിനകം ഡല്‍ഹി മെട്രോയുടെ മജ്‌ലിസ്പാര്‍ക്ക് മുതല്‍ ശിവ് വിഹാര്‍ വരെ 57 കിലോമീറ്റര്‍ വരുന്ന പിങ്ക് പാതയിലെ തീവണ്ടികളും ഡ്രൈവറില്ലാതെ ഓടിത്തുടങ്ങും. ഇതോടെ ഡല്‍ഹി മെട്രോയുടെ 94 കിലോമീറ്റര്‍ ‘ഡ്രൈവര്‍ലെസ്സ്’ ശൃംഖലയാകും.

ഡ്രൈവറില്ലാ തീവണ്ടികള്‍ക്കുപുറമേ ഡല്‍ഹി മെട്രോയുടെ വിമാനത്താവള അതിവേഗപാതയിലെ നാഷണല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡിന്റെ (എന്‍.സി.എം.സി.) ഉദ്ഘാടനവും തിങ്കളാഴ്ച രാവിലെ 11-ന് പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ഉദ്ഘാടനംചെയ്യും