വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സ്ഥാനാര്‍ത്ഥികളുടെ നിര്‍ണായകമായ രണ്ടാം സംവാദം ആവേശത്തോടെ മുന്നേറുകയാണ്. ചര്‍ച്ചയില്‍ ആദ്യത്തെ മിനിറ്റുകള്‍ പിന്നിടുമ്ബോള്‍ ആരോപണ പ്രത്യാരോപണങ്ങള്‍ സംവാദത്തില്‍ ഉടനീളം നിറഞ്ഞുനിന്നു. ട്രംപിനെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് ജോ ബൈഡന്‍ സംവാദത്തിനിടെ നടത്തിയത്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ വളരെ നിര്‍ണായകമായ ഈ സംവാദത്തിനിടെ ഇന്ത്യയ്‌ക്കെതിരെ രൂക്ഷവിമര്‍ശനമാണ് ട്രംപ് ഇപ്പോള്‍ ഉന്നയിച്ചിരിക്കുന്നത്.

കാലാവസ്ഥ വൃതിയാനവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നടന്ന ചര്‍ച്ചയിലാണ് ഇന്ത്യയ്‌ക്കെതിരെ ട്രംപിന്റെ വിമര്‍ശനം. കാലാവസ്ഥ വൃതിയാനത്തില്‍ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളെ താരതമ്യപ്പെടുത്തിയാണ് ട്രംപ് വിമര്‍ശിച്ചത്. ഇന്ത്യ, റഷ്യ, ചൈന എന്നീ രാജ്യങ്ങളിലേക്ക് നോക്കൂ. അവിടെ എന്ത് മലിനമാണ്. ലോകത്തെ ഏറ്റവും മലിനമായ വായു ഈ രാജ്യങ്ങളിലാണെന്നും ട്രംപ് കുറ്റുപ്പെടുത്തി. ഇന്ത്യയോടൊപ്പം ട്രംപ് റഷ്യയെയും ചൈനയെയും രൂക്ഷമായും വിമര്‍ശിച്ചിട്ടുണ്ട്.

അതേസമയം, ട്രംപിനെതിരെ വലിയ ആരോപണങ്ങളാണ് ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ ഉന്നയിക്കുന്നത്. ആധുനിക കാലത്തെ ഏറ്റവും വലിയ വര്‍ഗീയവാദി ട്രംപാണെന്നാണ് ബൈഡന്‍ പറയുന്നത്. വര്‍ഗീയ വിദ്വേഷണത്തിന്റെ തീയില്‍ ട്രംപ് എണ്ണ പകരുകയാണെന്നും ബൈഡന്‍ വ്യക്തമാക്കി. ഇന്നത്തെ സംവാദത്തില്‍ ആറ് വിഷയങ്ങളാണ് പ്രധാനമായും ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൊവിഡ്, അമേരിക്കന്‍ കുടുംബങ്ങള്‍, വംശീയത, കാലാവസ്ഥ വ്യതിയാനം, ദേശീയ സുരക്ഷ, നേതൃത്വം എന്നിവയെ കുറിച്ചുള്ള ചോദ്യങ്ങളാണ് സംവാദത്തില്‍ ഉന്നയിച്ചുകൊണ്ടിരിക്കുന്നത്.

രാജ്യത്തെ കൊവിഡിനെ പ്രതിരോധിക്കുന്നതില്‍ ഭരണകൂടം നിര്‍ണായക ശ്രമങ്ങള്‍ നടത്തിയെന്ന് ട്രംപ് സംവാദത്തിനിടെ വ്യക്തമാക്കി. എന്നാല്‍ കൊവിഡ് പ്രതിരോധത്തില്‍ ട്രംപിനെ രൂക്ഷമായാണ് ബൈഡന്‍ വിമര്‍ശിച്ചത്. ട്രംപിന്റെ ഭരണപരാജയമാണ് കൊവിഡ് ഇത്രയും വഷളാക്കിയതനെന്ന് ബൈഡന്‍ വിമര്‍ശിച്ചു. നേരത്തെ പല തീരുമാനങ്ങള്‍ എടുത്തിരുന്നെങ്കില്‍ അമേരിക്കയുടെ മരണ സംഖ്യ കുറയ്ക്കാമായിരുന്നു എന്ന് ബൈഡന്‍ പറഞ്ഞു.