ഡല്‍ഹി: ഉത്തരേന്ത്യയില്‍ പലയിടത്തും അതിശൈത്യം തുടരുന്ന പശ്ചാത്തലത്തില്‍ മദ്യപിക്കരുതെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വീടുകളിലും വര്‍ഷാന്ത്യ പാര്‍ട്ടികളിലും മദ്യപിക്കുന്നത് ശരീരോഷ്മാവ് കുറയ്ക്കുമെന്നും ഇത് അപകടകരമാണെന്നുമാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

വീടിനകത്ത് തന്നെ തുടരണമെന്നും വൈറ്റമിന്‍ സി അടങ്ങിയിട്ടുള്ള പഴങ്ങള്‍ കഴിക്കണമെന്നും തണുപ്പിനെ പ്രതിരോധിക്കാന്‍ ചര്‍മ്മം നനവുള്ളതായി സൂക്ഷിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഡല്‍ഹിയിലും സമീപ സംസ്ഥാനങ്ങളിലും അതിശൈത്യമുണ്ടാകുമെന്നാണ് ഇന്ത്യന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.

ഇന്നും നാളെയും അതിശൈത്യത്തിന് നേരിയ ശമനമുണ്ടാകുമെങ്കിലും അടുത്ത ദിവസങ്ങളില്‍ തണുപ്പ് വര്‍ധിക്കും. 29 മുതല്‍ പഞ്ചാബ്, ഹരിയാന, ഡല്‍ഹി, ഉത്തര്‍പ്രദേശ്, വടക്കന്‍ രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ കടുത്ത ശൈത്യം പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു