മുംബൈ : ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണം കൊലപാതകമാണോ ആത്മഹത്യയാണോ എന്ന് സിബിഐ വ്യക്തമാക്കണമെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ്. കേസിന്റെ റിപ്പോര്‍ട്ട് എത്രയും വേഗം ഹാജരാക്കണമെന്ന് സിബിഐയോട് അദ്ദേഹം ആവശ്യപ്പെട്ടു.

‘കഴിഞ്ഞ അഞ്ചു മാസങ്ങളായി അന്വേഷണം നടക്കുന്നു. ഇതുവരെ സുശാന്തിന്റെ മരണം കൊലപാതകമാണോ ആത്മഹത്യയാണോ എന്ന് സിബിഐ പുറത്തു വിട്ടിട്ടില്ല. റിപ്പോര്‍ട്ട് വേഗത്തില്‍ പുറത്തു വിടാന്‍ ഞാന്‍ സിബിഐയോട് അപേക്ഷിക്കുന്നു’ – അനില്‍ പറഞ്ഞു.

കേസ് സിബിഐക്ക് കൈമാറിയിട്ട് ഏകദേശം ആറു മാസത്തോളം ആയെന്നും അതുകൊണ്ട് ഉടന്‍ തന്നെ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ മാസം തുടക്കത്തില്‍ സുശാന്തിന്റെ മരണം അപകട മരണം ആണെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഓഗസ്റ്റ് 19നാണ് സുപ്രീം കോടതി എഫ്‌ഐആര്‍ സിബിഐക്ക് കൈമാറാന്‍ ഉത്തരവിട്ടത്.

സുശാന്ത് സിംഗിന്റെ മരണം ആത്മഹത്യ ആണെന്ന് ഒക്ടോബറില്‍ ന്യൂഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് നല്‍കിയ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ജൂണ്‍ 14നാണ് സുശാന്തിനെ മുംബൈയിലെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.