ഷാര്‍ജ: തണുപ്പകറ്റാന്‍ സ്വീകരിച്ച വഴി 29കാരിയായ യുവതിയെ കോമാ അവസ്ഥയിലാക്കി. ഷാര്‍ജയില്‍ വീട്ടുജോലിക്കാരിയായി നില്‍ക്കുന്ന എത്യോപ്യന്‍ സ്വദേശിയാണ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്നത്. അല്‍ സീയൂഹ് മേഖലയിലെ സ്പോണ്‍സറുടെ വില്ലയില്‍ വച്ചാണ് ഇവര്‍ക്ക് അപകടമുണ്ടായത്.

യുവതിയെക്കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ ഒന്നും പുറത്തുവിട്ടിട്ടില്ല. ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച്‌ ചാര്‍ക്കോള്‍ കത്തുന്ന പുക ശ്വസിച്ചാണ് ഇവരുടെ അവസ്ഥ വഷളായത്. മുറിക്കുള്ളില്‍ തണുപ്പകറ്റാനായി ഇവര്‍ ഒരു ബൗളില്‍ എരിയുന്ന ചാര്‍ക്കോള്‍ മുറിക്കുള്ളില്‍ വച്ചിരുന്നു. ഇതാണ് ദുരന്തത്തിനിടയാക്കിയത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. –

യുവതിയുടെ സ്പോണ്‍സര്‍ പറയുന്നതനുസരിച്ച്‌, കുടുംബാംഗങ്ങള്‍ ഒത്തുകൂടിയ ദിവസം ഇറച്ചിയും മറ്റും ഗ്രില്ല് ചെയ്യുന്നതിനായി ചാര്‍ക്കോള്‍ ഉപയോഗിച്ചിരുന്നു. പരിപാടിക്ക് ശേഷം ഇത് അണച്ച്‌ പോയി ഉറങ്ങാന്‍ വീട്ടുജോലിക്കാരിയോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ എരിഞ്ഞു കൊണ്ടിരുന്ന ചാര്‍ക്കോളിലെ കനല്‍ കെടുത്തുന്നതിന് പകരം അതവര്‍ മുറിയിലേക്ക് എടുത്ത് കൊണ്ടു പോവുകയായിരുന്നു.

തൊട്ടടുത്ത ദിവസം പ്രാതല്‍ തയ്യാറാക്കുന്നതിനായി ജോലിക്കാരി എത്തിയിരുന്നില്ല. ഉറങ്ങിപ്പോയിക്കാണുമെന്നാണ് ആദ്യം സംശയിച്ചത്. എന്നാല്‍ നേരം കുറെ ആയിട്ടും കാണാതെ വന്നതോടെ മെയിന്‍ വില്ലയ്ക്ക് പുറത്തായുള്ള അവരുടെ മുറിയില്‍ തിരക്കിച്ചെന്നു. വാതില്‍ അകത്ത് നിന്നും ലോക്ക് ചെയ്തിരുന്നു. പലതവണ വിളിച്ചിട്ടും പ്രതികരണം ഉണ്ടായില്ല. തുടര്‍ന്ന് ജനല്‍ തകര്‍ത്ത് അകത്തേക്ക് നോക്കിയപ്പോള്‍ യുവതി ചലനമറ്റ് കിടക്കുകയായിരുന്നു. വായില്‍ നിന്നും നുരയും പതയും വരുന്നുമുണ്ടായിരുന്നു. ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

തുടര്‍ന്ന് സ്പോണ്‍സര്‍ നല്‍കിയ വിവരം അനുസരിച്ച്‌ സ്ഥലത്തെത്തിയ പാരമെഡിക്സ് ടീം പ്രാഥമിക ശുശ്രൂഷ നല്‍കിയെങ്കിലും പ്രതികരണം ഒന്നുമുണ്ടായില്ല. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചു. കോമ സ്റ്റേജിലായ യുവതി നിലവില്‍ വെന്‍റിലേറ്ററിലാണ്. കഴിഞ്ഞ രണ്ട് വര്‍ഷമായി യുവതി ഈ കുടുംബത്തോടൊപ്പമുണ്ട്. എത്യോപ്യയിലെ ഇവരുടെ കുടുംബത്തെ വിവരം അറിയിച്ചതായി സ്പോണ്‍സര്‍ വ്യക്തമാക്കി.

അതേസമയം സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ ഷാര്‍ജ പൊലീസ് മുന്നറിയിപ്പുമായെത്തിയിട്ടുണ്ട്. പല ആളുകളും തണുപ്പകറ്റാനായി ഇത്തരത്തില്‍ ചാര്‍ക്കോള്‍ മുറിക്കുള്ളില്‍ കത്തിച്ചു വയ്ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് ജീവന് തന്നെ ഭീഷണിയാണെന്ന് പലരും മനസിലാക്കുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. തൊഴില്‍ ഉടമകളും സ്പോണ്‍സര്‍മാരും ഇതിന്‍റെ അപകടത്തെക്കുറിച്ച്‌ മുന്നറിയിപ്പ് നല്‍കണമെന്നും പൊലീസ് അറിയിച്ചു.

തടി, ചാര്‍ക്കോള്‍ എന്നിവ മുഴുവനായി എരിഞ്ഞില്ലെങ്കില്‍ ഇത് കാര്‍ബണ്‍ മോണോക്സൈഡ് പുറന്തള്ളാന്‍ തുടങ്ങും. നിറമോ മണമോ ഇല്ലാത്ത ഈ വാതകം ജീവന് ഭീഷണി ഉയര്‍ത്തുന്നതാണ് പ്രത്യേകിച്ചും അടച്ചിട്ട മുറികളില്‍ എരിയുന്ന സമയത്ത്. തലവേദന, തലചുറ്റല്‍, ശ്വാസതടസം, ഛര്‍ദ്ദി എന്നിവയൊക്കെയാണ് ഈ വാതകം ഉള്ളില്‍ച്ചെന്നാലുണ്ടാകുന്ന പ്രാഥമിക ലക്ഷണങ്ങള്‍. ക്രമേണ ബോധം നശിക്കുകയും മരണത്തിന് തന്നെ കാരണമാവുകയും ചെയ്തേക്കാം.