ലഹരി കേസില്‍ അറസ്റ്റിലായ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ അറസ്റ്റ് ചെയ്ത എന്‍സിബി സോണല്‍ ഡയറക്ടറായിരുന്ന സമീര്‍ വാങ്കഡെയ്‌ക്കെതിരെ നടപടിക്ക് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം.

ലഹരി കേസില്‍ അശ്രദ്ധമായ അന്വേഷണം മുന്‍നിര്‍ത്തിയാണ് കേന്ദ്രസര്‍ക്കാറിന്റെ നടപടിക്കുള്ള ഉത്തരവ്. കേസില്‍ ആര്യന്‍ ഖാന് എന്‍സിബി ക്ലീന്‍ ചിറ്റ് നല്‍കിയതിന് പിന്നാലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ നീക്കം.

ഇന്ത്യന്‍ റവന്യൂ സര്‍വ്വീസ് ഓഫീസറാണ് വാങ്കഡെ.വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് കേസില്‍ നേരത്തെ വാങ്കഡെയ്‌ക്കെതിരെ നടപടികള്‍ ആരംഭിച്ചതായും റിപ്പോര്‍ട്ടുണ്ട്. എന്‍സിബി വെള്ളിയാഴ്ച സമര്‍പ്പിച്ച 6000 പേജുള്ള കുറ്റപത്രത്തില്‍ നിന്ന് ആര്യന്‍ ഉള്‍പ്പെടെയുള്ള ആറ് പേരെ ഒഴിവാക്കിയിരുന്നു. എന്നാല്‍ കേസില്‍ ഷാറൂഖ് ഖാനില്‍ നിന്നും സമീര്‍ വാങ്കഡെ കോടികള്‍ വാങ്ങി കേസ് ഒതുക്കാന്‍ ശ്രമിച്ചെന്ന ആരോപണങ്ങള്‍ ശക്തമായതോടെ കേസിലെ അന്വേഷണ ചുമതലയില്‍ നിന്നും വാങ്കഡേയെ മാറ്റി.

ആര്യനും സുഹൃത്തുക്കള്‍ക്കും എതിരെ കൃത്യമായി തെളിവില്ലാത്തതിനാല്‍ ക്ലീന്‍ ചിറ്റ് നല്‍കുന്നുവെന്നാണ് നല്‍കിയിരിക്കുന്ന കുറ്റപത്രം. കഴിഞ്ഞ വര്‍ഷമാണ് ആഡംബര കപ്പലില്‍ നടത്തിയ റെയ്ഡില്‍ ആര്യന്‍ അടക്കമുള്ളവരെ അറസ്റ്റ് ചെയ്യുന്നത്.