തിരുവനന്തപുരം: കാരക്കോണത്ത് 51 കാരിയെ ഭര്‍ത്താവ് അരുണ്‍ കിടപ്പ് മുറിയില്‍ വെച്ച്‌ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയ ശേഷം ഷോക്കേല്‍പ്പിച്ചതായി പോലീസ്. ശാഖയുടെ സ്വത്ത് തട്ടിയെടുക്കാന്‍ കൈ കൊണ്ട് മുഖം അമര്‍ത്തി കൊലപ്പെടുത്തിയെന്നാണ് അരുണിനെ ചോദ്യം ചെയ്തതില്‍ നിന്നും പോലീസിന് വ്യക്തമായത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ഫോറന്‍സിക് റിപ്പോര്‍ട്ടുകളും ലഭിച്ചതിന് ശേഷം കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താമെന്ന് പോലീസ് അറിയിച്ചു.

കിടപ്പ് മുറിയിലും ബെഡ്ഷീറ്റിലും രക്തത്തിന്റെ പാടുകള്‍ ഉണ്ടായിരുന്നതായി ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ശനിയാഴ്ച രാവിലെയാണ് ശാഖയെ കാരക്കോണം ത്രേസ്യാപുരത്തെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിന്റെ സ്വഭാവം നന്നാവാനായി ശാഖ വ്രതം എടുത്ത് അവസാനിപ്പിച്ച ദിവസമായിരുന്നു കൊലപാതകം. വീട്ടിലെ വൈദ്യുതാലങ്കാരത്തില്‍ നിന്ന് ഷോക്കേറ്റെന്നായിരുന്നു അരുണിന്റെ മൊഴി. എന്നാല്‍ സമീപവാസികളും മറ്റുള്ളവരും മരണത്തില്‍ സംശയമുന്നയിച്ചതോടെ പോലീസ് അരുണിനെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് മണിക്കൂറുകളോളം ഇയാളെ ചോദ്യംചെയ്തതിനൊടുവിലാണ് ശാഖയെ മനപൂര്‍വ്വം കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയത്.

ശാഖയുടെ സ്വത്തുക്കള്‍ സംബന്ധിച്ചും വിവാഹചിത്രങ്ങള്‍ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ പങ്കുവെച്ചതിനുമെല്ലാം ശാഖയും അരുണും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നതായാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.