മുഖ്യമന്ത്രി പിണറായി വിജയന് മറുപടി കൊടുക്കുമെന്ന് വിദ്വേഷ പ്രസംഗ കേസില്‍ ജയില്‍ മോചിതനായി പി സി ജോര്‍ജ്. തന്നെപ്പിടിച്ച് ജയിലിട്ടത് പിണറായി വിജയന്റെ കളിയുടെ ഭാഗമായാണ്. അദ്ദേഹം തൃക്കാക്കരയില്‍ വച്ചാണ് എന്നെ പറ്റി പറഞ്ഞത്. തന്നോട് ചെയ്തതിനുള്ള മറുപടി താനും തൃക്കാക്കരയില്‍ വച്ച് മറ്റന്നാള്‍ പറയും. പി സി ജോര്‍ജ് പ്രതികരിച്ചു.

‘ആരൊക്കെ ഇതില്‍ ഉള്‍പ്പെട്ടോ അവര്‍ക്കൊക്കെയുള്ള മറുപടി കൊടുക്കും. ബഹുമാനപ്പെട്ട കോടതിയോട് നന്ദിയുണ്ട്. ഇന്ത്യയില്‍ നിയമത്തിന് വിലയുണ്ടെന്ന് തെളിയിക്കപ്പെട്ടിരിക്കുകയാണ്. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ. കോടതി വിധി പാലിച്ച് മാത്രമേ നിലവില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കൂ.

വി ഡി സതീശന്റെ ആരോപണത്തെ കുറിച്ചുള്ള മറുപടി ചോദിച്ചപ്പോള്‍, വിവരം കെട്ടവര്‍ക്കുള്ള മറുപടി താന്‍ കൊടുക്കില്ലെന്ന് പി സി ജോര്‍ജ് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കും. ബിജെപി സ്ഥാനാര്‍ത്ഥിയുടെ വിജയത്തിന് വേണ്ടി എന്തൊക്കെ ചെയ്യാമോ അതെല്ലാം ചെയ്യും. ഇപ്പോള്‍ ഈരാറ്റുപേട്ടയിലെ വീട്ടിലേക്ക് പോകുകയാണ്. പി സി ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.

ജാമ്യം ലഭിച്ച ശേഷം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ പി സി ജോര്‍ജിനെ ബിജെപി പ്രവര്‍ത്തകര്‍ പൂമാല അണിയിച്ച് സ്വീകരിച്ചു. ഹൈക്കോടതിയാണ് പി സി ജോര്‍ജിന് ജാമ്യം അനുവദിച്ചത്. വെണ്ണലയിലും തിരുവനന്തപുരത്തും നടത്തിയ രണ്ട് പ്രസംഗങ്ങള്‍ക്കും ജാമ്യം അനുവദിച്ചിട്ടുണ്ട്. പ്രായവും ജനപ്രതിനിധിയാണെന്നതും പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്. കര്‍ശനമായ ഉപാധികളോടെയാണ് ജാമ്യം. സമാനമായ പ്രസംഗങ്ങള്‍ നടത്തരുത്, ചോദ്യം ചെയ്യലിനു ഹാജരാവണം, അന്വേഷണവുമായി സഹകരിക്കണം തുടങ്ങിയ ഉപാധികളാണ് കോടതി മുന്നോട്ടുവച്ചത്. ഉപാധികള്‍ ലംഘിച്ചാല്‍ ജാമ്യം റദ്ദാക്കും.

ശക്തമായ വാദങ്ങളാണ് പ്രോസിക്യൂഷന്‍ മുന്നോട്ടുവച്ചത്. പിസിയെ ആര് നിയന്ത്രിക്കുമെന്ന് പ്രോസിക്യൂഷന്‍ ചോദിച്ചു. സമൂഹത്തില്‍ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന പ്രസ്താവനയാണ് അദ്ദേഹം ആവര്‍ത്തിച്ചുനടത്തിയത്. ആ ഘട്ടത്തിലും ഉപാധികളുണ്ടായിരുന്നു. അത് പാലിക്കപ്പെട്ടില്ല എന്നും പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍, കോടതിയില്‍ കേസ് എത്തിയതിനു ശേഷം പിസി മിണ്ടിയിട്ടില്ലെന്ന് പ്രതിഭാഗം വാദിച്ചു. അദ്ദേഹം പാഠം പഠിച്ചു എന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു.