ഐപിഎല്‍ കലാശപ്പോരില്‍ ഗുജറാത്തിന്‍റെ എതിരാളികളാരെന്ന് ഇന്നറിയാം. രണ്ടാം ക്വാളിഫയറില്‍ രാജസ്ഥാന്‍ റോയല്‍സും, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലാണ് ഇന്ന് ഏറ്റുമുട്ടുന്നത്. രാത്രി ഏഴരയ്‌ക്ക് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിലാണ് മത്സരം.

ആദ്യ ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് തോല്‍വി വഴങ്ങിയാണ് സഞ്‌ജുവും സംഘവും രണ്ടാം ക്വാളിഫയറിനിറങ്ങുന്നത്. എലിമിനേറ്ററില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെ മറികടന്നാണ് ബാംഗ്ലൂരിന്‍റെ വരവ്. ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റുമുട്ടിയ മത്സരങ്ങളില്‍ ഇരു ടീമും ഓരോ മത്സരങ്ങള്‍ വീതം വിജയിച്ചിട്ടുണ്ട്.

റണ്‍ വേട്ടക്കാരില്‍ ഒന്നാമനായ ജോസ്‌ ബട്‌ലറും, നായകന്‍ സഞ്‌ജു സാംസണും ഉള്‍പ്പെടുന്ന റോയല്‍സ് ബാറ്റിംഗ് നിര ശക്തമാണ്. ഗുജറാത്തിനെതിരെ ആദ്യ ക്വാളിഫയറില്‍ രാജസ്ഥാന്‍റെ ബോളിംഗ് നിരയാണ് കൂടുതല്‍ നിരാശപ്പെടുത്തിയത്. കഴിഞ്ഞ മത്സരത്തില്‍ നിറം മങ്ങിയ പ്രകടനം പുറത്തെടുത്ത താരങ്ങള്‍ ജീവന്‍മരണ പോരാട്ടത്തില്‍ ഫോമിലേക്കുയരും എന്ന പ്രതീക്ഷയിലാണ് രാജസ്ഥാന്‍.