ക്രൂയിസ് മയക്കുമരുന്ന് കേസിൽ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന് ആശ്വാസം. എൻസിബിയുടെ കുറ്റപത്രത്തിൽ ആര്യൻ ഖാന്റെ പേരില്ല. കേസിൽ പുതിയ കുറ്റപത്രം എൻസിബി സമർപ്പിച്ചു.

ആര്യനടക്കം ആറ് പേരെ കേസിൽ നിന്ന് ഒഴിവാക്കി. കേസിൽ ആര്യൻ ഖാനെതിരെ തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് എൻസിബിയുടെ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രത്തില്‍ പറയുന്നു. എന്നാൽ അർബാസ് മർച്ചന്റ്, മുൻമുൻ ധമേച്ച എന്നിവർക്കെതിരെ കേസ് നിലനിൽക്കും.

ഒക്ടോബര്‍ രണ്ടിനു മുംബൈ തീരത്ത് ആഡംബര കപ്പലിലെ ലഹരിപ്പാര്‍ട്ടിയുമായി ബന്ധപ്പെട്ട് ആര്യനുള്‍പ്പെടെ 20 പേരെയാണ് നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) അറസ്റ്റ് ചെയ്തത്. മൂന്നാഴ്ചയ്ക്കു ശേഷം ആര്യനു ജാമ്യം ലഭിച്ചിരുന്നു. കപ്പലില്‍ നിന്നു കൊക്കെയ്ന്‍, ഹഷീഷ്, എംഡിഎംഎ ഉള്‍പ്പെടെ നിരവധി നിരോധിത ലഹരിമരുന്നുകള്‍ പിടിച്ചെടുത്തിരുന്നു.