പൃഥ്വിരാജ് ആദ്യമായി സംവിധായകനായി എന്ന പ്രത്യേകതയുള്ള ചിത്രമായിരുന്നു ‘ലൂസിഫര്‍’. മോഹൻലാല്‍ നായകനായി ‘ലൂസിഫര്‍’ സിനിമയുടെ രണ്ടാം ഭാഗവും പ്രഖ്യാപിച്ചിരുന്നു. മലയാളത്തില്‍ ആദ്യമായി 200 കോടി ക്ലബിലെത്തിയ ‘ലൂസിഫറി’ന്റെ രണ്ടാം ഭാഗം ‘എമ്പുരാന്റെ’ അപ്ഡേറ്റുകള്ക്ക് വൻ സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്. ഇപ്പോഴിതാ ‘എമ്പുരാൻ’ ചിത്രത്തിന്റെ തിരക്കഥ എഴുതി പൂര്‍ത്തിയാക്കിയതായി സൂചിപ്പിച്ചിരിക്കുകയാണ് തിരക്കഥാകൃത്ത് മുരളി ഗോപി (Empuraan).
‘എമ്പുരാൻ’ തുടങ്ങാൻ തയ്യാറായിരിക്കുന്നു എന്നാണ് മുരളി ഗോപി എഴുതിയിരിക്കുന്നത്. ‘L2E The Screenplay’ എന്ന് പുറംചട്ടയിൽ കുറിച്ച പുസ്തകവും അതിനു മേലൊരു തടിച്ച പേനയും ഉള്‍പ്പെട്ട ഫോട്ടോയാണ് മുരളി ഗോപി പങ്കുവെച്ചിരിക്കുന്നത്. സംവിധായകൻ പൃഥ്വിരാജ് മുരളി ഗോപിയുടെ ഫോട്ടോയ്ക്ക് കമന്റുമായി എത്തിയിട്ടുണ്ട്. കലാപമുയരുമ്പോൾ, ഇരുൾ വീഴുമ്പോൾ.. എല്ലാം നേരെയാക്കാൻ അവൻ മടങ്ങിവരും. പിശാചിന്റെ നിയമം!’ എന്നാണ് പൃഥ്വിരാജ് കമന്റ് ചെയ്തിരിക്കുന്നത്.
ഷൂട്ടിങ് ഈ വര്‍ഷം ആരംഭിക്കാന്‍ സാധ്യതയില്ലെന്നും 2023 ആദ്യമാകും ഷൂട്ടിങ് ആരംഭിക്കാന്‍ കഴിയുകയെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പൃഥ്വിരാജ് നേരത്തെ പറഞ്ഞിരുന്നു. ‘ലൂസിഫറി’നേക്കാള്‍ വലിയ കാന്‍വാസ് ആവശ്യം വേണ്ട ചിത്രമാണ് ‘എമ്പുരാൻ’. ആദ്യഭാഗം വിജയിച്ചതുകൊണ്ടാണ് രണ്ടാംഭാഗം ആലോചിക്കാന്‍ പറ്റുന്നതെന്നും പ്രഖ്യാപനവേളയില്‍ പൃഥ്വിരാജ് പറഞ്ഞിരുന്നു. ‘ലൂസിഫറി’ന്റെ മുഴുവന്‍ കഥയും പറയണമെങ്കില്‍ മൂന്ന് സിനിമകള്‍ വേണ്ടിവരുമെന്ന് ആദ്യമേ തങ്ങള്‍ക്ക് അറിയാമായിരുന്നുവെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു.
‘എമ്പുരാനില്‍’ ദുല്‍ഖറും ഉണ്ടാകുമെന്ന് വാര്‍ത്തകള്‍ വരുന്നുണ്ടല്ലോ അതില്‍ എന്തെങ്കിലും സത്യമുണ്ടോ എന്ന ചോദ്യത്തിന് അത് ‘എമ്പുരാന് ഇറങ്ങുമ്പോള്‍ കാണാമല്ലോ എന്നായിരുന്നു പൃഥ്വിരാജിന്റെ മറുപടി. എന്തായാലും എമ്പുരാൻ സിനിമയുടെ കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമാകുകയാണ്. തിരക്കഥ പൂര്‍ത്തിയായതിനാല്‍ ഇനി ആരൊക്കെയാകും ചിത്രത്തിലെന്ന് അറിയാനായിരിക്കും ആകാംക്ഷ. ‘അബ്രാം ഖുറേഷി’ എന്ന കഥാപാത്രത്തിന്റെ തുടര്‍ച്ചയായിരിക്കുമോ ‘എമ്പുരാൻ’ എന്നൊക്കെ അറിയാൻ ഇനിയും കാത്തിരിക്കണം.